തിരുവനന്തപുരം: ശബരിമലയിലെ സേവന പ്രവർത്തനങ്ങളിൽ അതൊരു ചരിത്രമാണ്. ആർക്കും നിഷേധിക്കാനാവാത്ത സേവന ചരിത്രം. എക്കാലത്തേയും മാതൃകയാണ് ഈ സേവനമെന്ന് വിശകലനം ചെയ്ത് സേവാ ഭാരതി കേരളത്തിന്റെ മാസികമായ ‘സേവാ പ്രകാശൻ സേവനവാർത്ത’യിൽ കവർ സ്‌റ്റോറി. ഡിസംബർ മാസത്തെ മാസികയിലാണിത്.
ശബരിമലയിൽ ആർഎസ്എസ് സ്വയംസേവകർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന പ്രകാരം മലയിൽ എമ്പാടും അന്ന് എല്ലാത്തരം സേവനവും ചെയ്തു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ഗണവേഷമായ കാക്കി നിക്കർ ധരിച്ച്, രണ്ടു വർഷം അവർ പതിനെട്ടാംപടിയിൽവരെ വിശ്വാസികൾക്ക് സേവനം ചെയ്തു. 200 ൽ അധികം സ്വയം സേവകർ മണ്ഡലകാലത്തും മകരവിളക്ക് കാലത്തും അയ്യപ്പന്മാരെ സഹായിക്കാൻ ഉണ്ടായിരുന്നു. ഒരു പ്രതിഫലവും ആരിൽനിന്നും പറ്റാതെ, ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ വിശ്വാസികളോടും സമൂഹത്തോടുമുള്ള കടമ നിർവഹിക്കുകയായിരുന്നു അവർ.
1980 ലും 1981 ലുമായിരുന്നു അത്. അന്ന് സംസ്ഥാന സർക്കാർ ഭരിച്ചിരുന്നത് സിപിഎം നേതാവ് ഇ.കെ. നായനാർ. അന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പായിരുന്നു. ആർഎസ്എസ്സിന്റെ ആ അതുല്യ സേവന ചരിത്രം, അന്ന് ആ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ്. സേതുമാധവനാണ് സേവനവാർത്തയോട് പങ്കുവെക്കുന്നത്. ”ശബരിമലയിലെ സേവന പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിരുന്നത് കേരളാ പോലീസിനെ ആയിരുന്നു. 19811982 കാലത്ത് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ മുന്നണി ഇ.കെ. നായനാർ മുഖ്യമന്ത്രിയായി ഭരിക്കുകയാണ്. പൊതുവേ ഈശ്വര വിശ്വാസത്തോടും ഹൈന്ദവ സംസ്‌കാരത്തോടും എതിർപ്പുള്ള കമ്മ്യൂണിസ്റ്റുകാർ, ശബരിമലയിൽ ജോലി നോക്കുന്ന പോലീസ് സേനാംഗങ്ങൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും വെട്ടിക്കുറച്ചു. അതിനാൽ ആ വർഷത്തെ തീർത്ഥാടനകാലത്ത് കേരളാ പോലീസ് ശബരിമല ഡ്യൂട്ടിക്ക് തയാറായില്ല. മലയിൽ ആകെ അവ്യവസ്ഥയും അസ്വസ്ഥതയും ഉണ്ടായി.
അന്നും അവിടെ അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തനം ഉണ്ടായിരുന്നു. സേവന പ്രവർത്തനങ്ങൾക്ക് അയ്യപ്പസേവാ സംഘം സഹായത്തിനുണ്ടായിരുന്നു. എന്നാൽ, അക്കാലത്ത് അത്രയേറെ സംഘടിതമായിരുന്നില്ല. ശബരിമലയിൽ സേവനത്തിന് അന്നത്തെ ദേവസ്വം പ്രസിഡന്റ് ഉപേന്ദ്രനാഥക്കുറുപ്പ്, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് കൊല്ലങ്കോട് വേണുഗോപാല മേനോന്റെ സഹായം തേടി. ദേവസ്വം പ്രസിഡന്റുമായി കൂടിയാലോചിച്ച് മേനോൻ, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സഹായം തേടി.
അന്ന് സംഘത്തിന്റെ പ്രാന്ത പ്രചാരക് ഭാസ്‌കർ റാവുജി ആയിരുന്നു. വേണുമേനോൻ എറണാകുളത്ത് സംഘ കാര്യാലയത്തിലെത്തി ദേവസ്വം ബോർഡ് പ്രസിഡന്റ് ഉപേന്ദ്രനാഥക്കുറുപ്പിന്റെ ആവശ്യം അറിയിച്ചു. ഭാസ്‌കർ റാവുജി സംഘത്തിന്റെ മറ്റു മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് സമ്മതിച്ചു. പിന്നീടുണ്ടായത് ശബരിമലയിൽ മുമ്പുകണ്ടിട്ടില്ലാത്ത വ്യവസ്ഥയും സേവന സംവിധാനവുമായിരുന്നു.
അന്ന് കോട്ടയം, ആലപ്പുഴ (ഇന്നത്തെ പത്തനംതിട്ട ജില്ലാ പ്രദേശങ്ങൾ) ജില്ലകളിൽനിന്നുള്ള സ്വയംസേവകരാണ് സേവനത്തിന് നിയോഗിക്കപ്പെട്ടത്. 200 ൽ അധികം പേരെയാണ് വിന്യസിച്ചത്. പമ്പയിലും സന്നിധാനത്തും പതിനെട്ടാംപടിയിലും അവർ സേവനം ചെയ്തു. കുടിവെള്ള വിതരണവും ഭക്ഷണം നൽകലും ശുശ്രൂഷയും യാത്രയൊരുക്കലും തിരക്കുനിയന്ത്രിക്കലുമടക്കം അവർ ചെയ്തു. പതിനെട്ടാംപടിയിൽ അയ്യപ്പന്മാരെ മലകയറാൻ സഹായിക്കാൻ സംഘ സ്വയംസേവകർ കാക്കി ട്രൗസറിട്ട് നിരന്നു,”വെന്നാണ് സേതുമാധവൻ പറയുന്നതായി സേവന വാർത്ത എഴുതുന്നു.
അന്ന് ആർഎസ്എസ് പ്രവർത്തകർ ആവിഷ്‌കരിച്ച മാതൃകകളിൽ ചിലതാണ് ഇന്ന് കേരളാ പോലീസ് പതിനെട്ടാംപടിയിൽ മാതൃകയാക്കുന്നതെന്നും സേവനം ചെയ്യാനെത്തുന്നവരെ പടിയിറക്കിയും മലയിറക്കിയും പകരക്കാരായി ‘ശമ്പള’ക്കാരെയും ‘കരാറു’കാരെയും കയറ്റിയിരുത്തിയവരുടെ കാര്യശേഷിക്കുറവാണ് ഇന്നിപ്പോൾ ശബരിമലയിൽ നേരിടുന്ന പ്രശ്‌നങ്ങൾ അധികവുമെന്നും കുറ്റപ്പെടുത്തുന്നു.


















Discussion about this post