കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധാകനുമായ ശ്രീനിവാസൻ അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. 48 വർഷം നീണ്ട സിനിമ ജീവിതമാണ് അദ്ദേഹത്തിൻ്റേത്. അന്ത്യം അറുപത്തിയൊൻപതാം വയസ്സിൽ. ഇരുന്നൂറോളം സിനിമകളിലാണ് വേഷമിട്ടത്. സിനിമയിൽ നർമത്തിന് പുതുഭാവം നൽകിയ വ്യക്തിയാണ് അദ്ദേഹം. അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ സമസ്ഥ മേഖലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്കൂൾ അദ്ധ്യാപകനും, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. തന്റെ സ്കൂൾ ജീവിതം ശ്രീനി കതിരൂർ ഗവ സ്കൂളിലും, കലാലയജീവിതം പഴശ്ശിരാജ എൻ എസ്സ് എസ്സ് കോളേജിലുമാണ് പൂർത്തിയാക്കിയത്.
ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് 1989ലെ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡും ചിന്താവിഷ്ടയായ ശ്യാമളയ്‌ക്ക് 1998ലെ സാമൂഹികവിഷയ ചിത്രത്തിനുളള ദേശീയ പുരസ്കാരവും നേടി. മഴയെത്തും മുമ്പേ(1995), സന്ദേശം (1991) എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്‌ക്കുളള പുരസ്കാരം നേടി.
ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്), ധ്യാൻ ശ്രീനിവാസൻ (അഭിനേതാവ്).
1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി. തിരക്കഥ, സംഭാഷണം: ശ്രീനിവാസന്‍ എന്ന് ടൈറ്റിലില്‍ തെളിഞ്ഞത് അന്നാണെങ്കിലും അതിനും എത്രയോ വര്‍ഷം മുന്‍പേ പല സിനിമകളുടെയും അണിയറയില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായും ഗോസ്റ്റ് റൈറ്ററായും ശ്രീനി പ്രവര്‍ത്തിച്ചിരുന്നു. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത മേളയില്‍ ശ്രീധരന്‍ ചമ്പാടിന്റെ കഥയ്‌ക്ക് തിരക്കഥ ഒരുക്കുന്ന ജോലിയുമായി സഹകരിച്ചുകൊണ്ടായിരുന്നു തുടക്കം.
മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ചലച്ചിത്ര അഭിനയത്തിൽ പരിശീലനവും നേടിയ അദ്ദേഹം 1977ൽ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് രംഗത്ത് എത്തിയത്. പ്രശസ്ത സിനിമാനടൻ രജനികാന്ത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠിയായിരുന്നു. ബക്കറുടേയും അരവിന്ദന്റെയും കെ.ജി ജോർജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
സത്യൻ അന്തിക്കാട് , പ്രിയദർശൻ, കമൽ എന്നിവരുമായി ചേർന്നാണ് അദ്ദേഹം ഏറെ ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കിയത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം.
തിരക്കഥയെഴുതിയ ശ്രദ്ധേയമായ സിനിമകള്‍: സന്മസുളളവർക്ക് സമാധാനം, ടി.പി. ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ.













Discussion about this post