കോട്ടയം: ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ വന്‍ ഭൂമി കൊള്ളയ്‌ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കിയതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ഇ.എസ്. ബിജു. ശബരിമല വിമാനത്താവള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതിലൂടെ സര്‍ക്കാരിന്റെയും സിപിഎം നേതൃത്വത്തിന്റെയും വന്‍ഭൂമികൊള്ളയ്‌ക്കാണ് ഹൈക്കോടതി വിലക്കിട്ടത്.
വികസനത്തിന്റെയും ശബരിമലയുടെയും പേര് പറഞ്ഞ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിമാനത്താവളത്തിന് പാട്ട കാലാവധി കഴിഞ്ഞ ഭൂമി അനധികൃത രേഖയുണ്ടാക്കി അയന ചാരിറ്റബിള്‍ സൊസൈറ്റി കൈയടക്കി വെച്ചിരുന്ന ഭൂമി സര്‍ക്കാര്‍ അധീനതയിലാക്കാനെന്ന പേരില്‍ ഉണ്ടാക്കിയ ഗൂഢാലോചനയുടെ ഭാഗമാണ് ആഗോള സംഗമത്തിലെ ശബരിമല വികസന പ്രഖ്യാപനങ്ങള്‍. ആഗോള അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച വമ്പന്‍ പദ്ധതികളും, മരുമകന്‍ മന്ത്രിയുടെ ചുമതലയിലുള്ള ടൂറിസം വകുപ്പ് പദ്ധതികളുമാണ് തകര്‍ന്നടിഞ്ഞതെന്ന് ബിജു പറഞ്ഞു. ആറ് ലക്ഷത്തോളം ഭൂരഹിതര്‍ സംസ്ഥാനത്ത് ഉണ്ടെന്നിരിക്കെ ഒരു സെന്റ് ഭൂമി പോലും അവര്‍ക്ക് വിതരണം ചെയ്യാതെ വിമാനത്താവള ലോബികള്‍ക്കും കെടി ഡിസി മുഖേന വമ്പന്‍ കുത്തകള്‍ക്കും തീറെഴുതാന്‍ ആയിരുന്നു സര്‍ക്കാര്‍ പദ്ധതി. ഇതിലൂടെ ഇടനില ലാഭം കൊയ്യുക എന്നത് സിപിഎം പദ്ധതിയുമായിരുന്നു.
ചെറുവള്ളി വിമാനത്താവളം ലാഭകരമാക്കി തീര്‍ക്കാന്‍ കരാര്‍ കമ്പനികളുടെ ഉടമകളുമായി തയാറാക്കാനിരുന്ന നിഗൂഢ കരാറാണ് ഈ വിധിയിലൂടെ താറുമാറായത്. ഭൂരഹിത ജനസമൂഹത്തോട് സര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ വിമാനത്താവളത്തിന് ആവശ്യമുള്ള ഭൂമിയൊഴിച്ചുള്ള ഭൂമി സമൂഹത്തിന് വിതരണം ചെയ്യണമെന്നും ബിജു ആവശ്യപ്പെട്ടു.
















Discussion about this post