ക്ഷേത്രഭരണം സുതാര്യമായി നടത്താൻ കേന്ദ്രനിയമം കൊണ്ടുവരാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഭാരതീയവിചാരകേന്ദ്രം. ക്ഷേത്രങ്ങളുടെയും മറ്റ് ധർമസ്ഥാപനങ്ങളുടെയും ഭരണത്തിൽ കാലാനുസൃമായ പൊതുനിയമം കൊണ്ടുവരണമെന്ന് ഭാരതീയ വിചാരകേന്ദ്രം 43ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന് അപമാനകരമാകുന്ന രീതിയിൽ ക്ഷേത്രാചാരങ്ങളെയും ഹിന്ദു സംസ്കാരത്തെയും എത്തിക്കുന്ന നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കേന്ദ്രനിയമം കൊണ്ടുവരുന്നതിന്റെ ആവശ്യകതയും സമ്മേളനത്തിൽ ചർച്ചയായി. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ പ്രവൃത്തികളെയും സമ്മേളനം വിമർശിച്ചു. ഇത്തരം പ്രവൃത്തികൾ കേരളത്തിന് പുറമെ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും നടക്കുന്നുണ്ടെന്നും ഡോ. സിപി രാമസ്വാമി അയ്യരുടെ അദ്ധ്യക്ഷതയിൽ തയ്യാറാക്കിയ ഹിന്ദു റിലീജിയസ് എൻഡോവ്മെൻ്റ് കമ്മിഷൻ റിപ്പോർട്ട് 1960-62 ൻ്റെ അടിസ്ഥാനത്തിൽ യാതൊരു നടപടിയും ഇതുവരെ ഒരു കേന്ദ്രസർക്കാരും നടപ്പിലാക്കിയിട്ടില്ലെന്നും വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ സുതാര്യമായതും നീതിയുക്തവുമായ ഭരണത്തിന് അനുയോജ്യമായ കേന്ദ്രനിയമങ്ങൾ കൊണ്ടുവരണമെന്ന് സംസ്ഥാന പ്രതിനിധി സഭ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.


















Discussion about this post