കോഴിക്കോട്: ഭാരതീയ ലോകവീക്ഷണത്തെ പിന്തുടരുമ്പോള്‍ മാത്രമേ ഒരാള്‍ ഭാരതീയനാകുകയുള്ളു എന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വിചാര കേന്ദ്രം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാട ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനും പ്രകൃതിയും ദൈവവും സത്താപരമായി ഒന്നാണ് എന്നതാണ് ഭാരതീയമായ ലോകവീക്ഷണം. വൈദികകാലം മുതല്‍ക്കുള്ള ജ്ഞാനപാരമ്പര്യത്തിന്റെ ഭാഗമായ ഈ ദര്‍ശനം തന്നെയാണ് ശ്രീനാരായണഗുരു ദൈവദശകത്തിലൂടെ പറഞ്ഞതും. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിയുടെ സാമഗ്രിയുമെല്ലാം ഒന്നാണെന്നും അതാണ് ദൈവമെന്നും എന്ന ഗുരുദേവന്റെ ആശയത്തിന് വിരുദ്ധമാണ് സ്രഷ്ടാവ് മാത്രമാണ് ആരാധ്യമായതെന്നും ദൈവസൃഷ്ടികളായ പ്രകൃതി, ഭൂമി, ജീവജാലങ്ങള്‍ എന്നിവയൊന്നും ആരാധിക്കപ്പെടേണ്ടതല്ല എന്നുമുള്ള വിശ്വാസം, സഞ്ജയന്‍ പറഞ്ഞു.
‘ഉണരുന്ന ഭാരതവും പുതിയ ലോകക്രമവും- ഭൗമരാഷ്‌ട്രീയ പരിപ്രേക്ഷ്യത്തില്‍’ എന്ന വിഷയം കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ അവതരിപ്പിച്ചു. ഭാരതം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുകയാണെങ്കിലും ഇന്നും ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവര്‍ 25 ശതമാനവും നിരക്ഷരര്‍ 20 ശതമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹാപ്പിനസ് സൂചിക വളരെ താഴെയാണെന്നത് തെറ്റാണ്. ഭൗതിക സുഖസൗകര്യങ്ങള്‍ മാത്രമല്ല ഈ ഹാപ്പിനസിന്റെ ആധാരം. ആചാരാനുഷ്ഠാനങ്ങളിലൂടെ ഭാരതീയ ജനത അനുഭവിക്കുന്ന വന്‍തോതിലുള്ള ആഹ്ലാദം തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. കുംഭമേളകളിലെ ജനപങ്കാളിത്തമൊക്കെ അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എസ്. ഉമാദേവി അധ്യക്ഷത വഹിച്ചു.
‘കുടുംബമൂല്യങ്ങള്‍ മാറുന്ന സാഹചര്യത്തില്‍’ എന്ന വിഷയം കൊച്ചുത്രേസ്യ ടീച്ചര്‍ അവതരിപ്പിച്ചു. പോസ്റ്റല്‍ സര്‍വ്വീസസ് ബോര്‍ഡ് മുന്‍ അംഗം ഇന്ദിര കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ‘വന്ദേമാതരം @ 150- ബങ്കീം ചന്ദ്ര ചാറ്റര്‍ജിയുടെ ദേശീയ ഏകതാമന്ത്രം’ എന്ന വിഷയം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അവതരിപ്പിച്ചു.
വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫ. കെ.പി. സോമരാജന്‍ അധ്യക്ഷനായി. തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ ശശിനാരായണന്റെ സംവിധാനത്തില്‍ രാജന്‍ മൂളിയാര്‍ അവതരിപ്പിച്ച ‘സൂയോധനം’ രൂപകവും ഗായത്രി മധുസൂദനന്‍ അവതരിപ്പിച്ച ‘കുസുമേ കുസുമോത്പത്തി’ നൃത്താവിഷ്‌കാരവും അരങ്ങേറി.

















Discussion about this post