കോഴിക്കോട്: വന്ദേമാതരം എന്ന ഭാരതത്തിന്റെ വിശുദ്ധ മന്ത്രത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടുകയില്ലായിരുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഭാരതീയവിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തില്‍ ‘വന്ദേമാതരം @150- ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ദേശീയ ഏകതാമന്ത്രം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ബംഗാള്‍ വിഭജനത്തിനെതിരായ ജനകീയ പ്രക്ഷോഭം നൂറ് ശതമാനം വിജയകരമായിരുന്നു. നേതൃത്വം കൊടുക്കാന്‍ അന്ന് വലിയ പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ സമരത്തിന് പ്രേരണ നല്‍കിയത് വന്ദേമാതരമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം അന്ന് പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി. എന്നാല്‍ ഭാരതം വിഭജിക്കാനുള്ള ബ്രിട്ടീഷ് നീക്കം 1947 ല്‍ ഉണ്ടായപ്പോള്‍ അതിനെതിരെ അത്തരം ഒരു ജനകീയ പ്രക്ഷോഭം എന്തുകൊണ്ട് ഉണ്ടായില്ല എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. 1936 ല്‍ വന്ദേമാതരം വിഭജിക്കാനുള്ള നീക്കം മുതല്‍ പ്രത്യക്ഷത്തില്‍ വന്നു തുടങ്ങിയ മനോഭാവമാണ് ഇതിന്റെ കാരണം. വന്ദേമാതരത്തിനെതിരെ, ഭാരതത്തിന്റെ തനിമയ്‌ക്കെതിരെ, സനാതന മൂല്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം മതേതരത്വത്തിന്റെ പേരില്‍ കൈക്കൊണ്ട നിലപാടുകളാണ് ഭാരതത്തിന്റെ ഉള്‍ക്കരുത്ത് ചോര്‍ത്തിയത്. വീരപൗരുഷം ചോര്‍ന്നു പോയ, ചെറുക്കാന്‍ കരുത്തില്ലാതെ, അടിയറവു പറഞ്ഞ നേതൃത്വമായി അത് മാറി. സാധനയുടെ ശക്തി ചോര്‍ന്നു. ബംഗാള്‍ വിഭജനത്തിനെതിരെ ഭാരതത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പോരാട്ടമുയര്‍ന്നിരുന്നു. എന്നാല്‍ ഭാരത വിഭജനത്തെ എതിര്‍ക്കാന്‍ കരുത്തില്ലാതെ പോയതിന്റെ കാരണം ചര്‍ച്ച ചെയ്യണം, അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരതീയ മനസ്സിനെ വിഭജിക്കാനുള്ള നീക്കത്തിനെതിരെയുള്ള ദേശീയ വികാരത്തിന്റെ കരുത്താണ് വന്ദേമാതരത്തിനുള്ളത്. അതിനെ ആസൂത്രിതമായി ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സ്വതന്ത്ര ഭാരതത്തില്‍ നടന്നത്. എന്നാല്‍ വന്ദേമാതരത്തിന്റെ 150ാം വര്‍ഷത്തില്‍ ഭാരതത്തിന്റെ ഹൃദയഭൂമിയില്‍ ആ ദേശീയ ഗീതത്തെ പുന:പ്രതിഷ്ഠിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. നവംബര്‍ 7 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വന്ദേമാതരത്തിന്റെ 150 ാം വാര്‍ഷികാഘോഷ പരിപാടി നല്‍കുന്ന സൂചന അതാണ്, നന്ദകുമാര്‍ പറഞ്ഞു.
പ്രൊഫ.കെ.പി. സോമരാജ് അധ്യക്ഷനായി. വന്ദേമാതരത്തിന്റെ ചിറകരിഞ്ഞതിലൂടെ ദേശീയതയുടെ ചിറകരിയുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതമാതാവെന്ന സങ്കല്‍പ്പം ശക്തിയാര്‍ജ്ജിച്ചത് വന്ദേമാതര ഗാനത്തോടെയാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ ആസ്ഥാനം കല്‍ക്കത്തയില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റാനുള്ള കാരണം തന്നെ വന്ദേമാതര പ്രക്ഷോഭത്തിന്റെ ഫലമായിട്ടായിരുന്നു. എന്നാല്‍ ഈ പ്രക്ഷോഭത്തില്‍ ഒരിടത്തും കോണ്‍ഗ്രസിന് പങ്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

















Discussion about this post