തിരുവനന്തപുരം: കേരളത്തില്‍ ഭിന്നശേഷി സമൂഹം ഇന്ന് ഗുരുതരമായ സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധികളാണ് നേരിടുന്നതെന്ന് സക്ഷമ. പെന്‍ഷന്‍ അപര്യാപ്തതത മുതല്‍ തൊഴില്‍ ഇല്ലായ്‌മ, പ്രവേശനസൗകര്യങ്ങളുടെ കുറവ്, പുനരധിവാസ സേവനങ്ങളുടെ അഭാവം കൂടാതെ ഭിന്നശേഷി മേഖലയിലെ വിദഗ്ധരുടെ ക്ഷാമം വരെ വ്യാപിക്കുന്ന വലിയ പ്രതിസന്ധിയാണ് നിലവിലുള്ളതെന്ന് സക്ഷമ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ ഭിന്നശേഷി മേഖല നേരിടുന്നത് പ്രധാനപ്രശ്‌നം പ്രൊഫഷണലുകളുടെ ക്ഷാമമാണ്. ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, ഓഡിയോളജി, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ തുടങ്ങിയ മേഖലയില്‍ വിദഗ്ധ പരിശീലനം നേടിയവരെ ആവശ്യത്തിന് ലഭ്യമാകുന്നില്ല. ഇതുകാരണം ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും തെറാപ്പികളും സമയബന്ധിതമായി കൊടുക്കാന്‍ സാധിക്കുന്നില്ല. ഭിന്നശേഷിക്കാര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് എടുക്കണമെങ്കില്‍ മൂന്ന് തവണയെങ്കിലും ഒരു രക്ഷകര്‍ത്താവ് ആശുപത്രികള്‍ കയറി ഇറങ്ങണം. ഇത് ഭിന്നശേഷി കുടംബങ്ങള്‍ക്ക് നല്‍കുന്നത് വലിയ ദുരിതമാണ്. സര്‍ട്ടിഫിക്കറ്റുകളും തെറാപ്പിയും നല്‍കാന്‍ യോഗ്യതയുള്ളവരെ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണം. സ്പീച്ച് ആന്‍ഡ് ഓഡിയോളജിയും ഒക്യുപ്പേഷണല്‍ തെറാപ്പിയും നടത്തുന്ന നിഷില്‍ 28 സീറ്റ് ഉണ്ടായിരുന്നത് സര്‍ക്കാര്‍ 25 സീറ്റായിട്ട് കുറച്ചിരിക്കുകയാണ്. കേരളത്തിലെ സ്‌കൂളുകളില്‍ നിന്ന് സ്പീച്ച് തെറാപ്പി പഠിച്ചിറങ്ങുന്നതില്‍ 70 ശതമാനവും വിദേശത്തേക്ക് പോകുകയാണ്. വീട്ടില്‍ ഭിന്നശേഷിക്കാര്‍ ഉള്ളതില്‍ പല വീട്ടുകാര്‍ക്കും പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. നിലവിലെ വിലക്കയറ്റ സാഹചര്യത്തില്‍ ഭിന്നശേഷി പെന്‍ഷന്‍ മതിയായ ജീവിതസുരക്ഷ നല്‍കുന്നില്ല. അതിനാല്‍ പെന്‍ഷന്‍ തുക 2000 ല്‍ നിന്ന് 3500 ആയി വര്‍ധിപ്പിക്കണം. നിലവില്‍ ഏറ്റവും കുറവ് പെന്‍ഷന്‍ കേരളത്തിലാണ്.
ഭിന്നശേഷി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്താന്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകള്‍ സ്വയംതൊഴില്‍ പദ്ധതികള്‍ സബ്‌സിഡിയോടുകൂടിയ വായ്‌പാ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണം. പലപ്പോഴും നിയമപ്രകാരമുള്ള ഭിന്നശേഷി സംവരണം നടപ്പിലാകുന്നില്ല. ഭിന്നശേഷിക്കാര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ റാംപ് ലിഫ്റ്റ്, ടാല്‍ പാത, ഓഡിയോ സിഗ്‌നല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കി കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കണം. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍, ടെക്‌നിക്കല്‍, വൊക്കേഷണല്‍ കോഴ്‌സുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം.
സഹായ ഉപകരണങ്ങള്‍ സൗജന്യമായോ സബ്‌സിഡിയോടുകൂടിയോ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പ്രാദേശിക ഭരണകൂടങ്ങളില്‍ ഭിന്നശേഷി കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും സക്ഷമ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആര്‍. ഹരിദാസ്, മഹിള പ്രമുഖ് ലേഖ, ജില്ല വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















Discussion about this post