തൃശ്ശൂർ: സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന “തലചായ്‌ക്കാനൊരിടം” പദ്ധതിയിലൂടെ നിരാലംബരായ ഒരു കുടുംബത്തിന് കൂടി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. തൃശ്ശൂർ ജില്ലയിലെ മണലൂർ പഞ്ചായത്തിലെ വിളക്കും കാലിനടുത്ത് (കണ്ടശ്ശാംകടവ്) സുധ രാജീവ് പറത്താട്ടിലിനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ച് നൽകിയത്. മണലൂർ ബിഎസ്എൻഎൽ ഓഫീസിന് സമീപമായാണ് വീട് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഗൃഹസമർപ്പണ ചടങ്ങിൽ മണലൂർ സേവാഭാരതി പ്രസിഡന്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ആവണങ്ങാട്ടിൽ കളരി മഠാധിപതി അഡ്വ. രഘുരാമപ്പണിക്കർ കുടുംബത്തിന് വീടിന്റെ താക്കോൽദാനം നിർവഹിച്ചു.
രാഷ്‌ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത കാര്യവാഹ് മാനനീയ ഈശ്വർജി കുടുംബത്തിന് മംഗളപത്രം സമർപ്പിച്ചു. സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ.വി. രാജീവ് സേവാസന്ദേശം നൽകി. സഹാനുഭൂതിയും സഹകരണവും നിറഞ്ഞ ചടങ്ങിൽ സുധ രാജീവ് വികാരനിർഭരയായി. വീട് യാഥാർത്ഥ്യമാക്കാൻ സഹായിച്ച സേവാഭാരതിയെയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനെയും ഉൾപ്പെടെ എല്ലാ പ്രദേശവാസികളെയും സ്മരിച്ച് അവർ നന്ദി അറിയിച്ചു.















Discussion about this post