മലപ്പുറം: തിരുനാവായ മഹാമാഘ മഹോത്സവത്തിന് 19ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ രാവിലെ 11ന് കൊടിയേറ്റും. 16ന് പ്രായശ്ചിത്ത കര്‍മങ്ങളോടെ പരിപാടികള്‍ക്ക് തുടക്കമാകും.
18ന് മൗനി അമാവാസിക്ക് പ്രായശ്ചിത്ത കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. ഫെബ്രു. മൂന്നിന് മകം നക്ഷത്രം വരെയാണ് മേള നടക്കുന്നത്. പ്രയാഗിലും മറ്റും കുംഭമേളയ്‌ക്കു നേതൃത്വം നല്‍കുന്ന നാഗ സംന്യാസിമാരുടെ സമൂഹമായ ജുനാ അഘാഡയാണ് തിരുനാവായയിലേയും മേള നടത്തുന്നത്. അഘാഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയാണ് മഹാമാഘ മക മഹോത്സവത്തിന് നേതൃത്വം നല്‍കുന്നത്.
ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 15 വരെയാണ് മാഘമാസം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുനാവായയില്‍ മാഘ മക ഉത്സവം എന്ന പേരില്‍ ചെറിയ രീതിയില്‍ ഉത്സവം നടന്നിരുന്നു. ഇത് വലിയ രീതിയില്‍ ഇത്തവണ നടക്കുകയാണ്. മേള നടക്കുന്ന ദിവസങ്ങളില്‍ നവകോടി നാരായണ ജപം അഖണ്ഡമായി നടക്കും.
മാഘമാസത്തില്‍ വീടുകളിലും ജപാര്‍ച്ചന നടത്തുന്നുണ്ട്. എല്ലാ ദിവസവും വൈകിട്ട് നിളാ ആരതിയുണ്ടാകും. രാവിലെ വേദ ഘോഷത്തോടെ നിളാ സ്നാനവും നടക്കും. മേളയുടെ ഭാഗമായി ദേവതാ പ്രാധാന്യമുള്ള മൗനി അമാവാസി, ഗണേശ ജയന്തി, വസന്ത പഞ്ചമി, ശാരദാ പഞ്ചമി, രഥ സപ്തമി, ഭീഷ്മാഷ്ടമി, ഗുപ്ത നവരാത്രി, ഗുപ്ത വിജയദശമി, ജയ ഏകാദശി, മാഘപൂര്‍ണിമ എന്നീ ദിവസങ്ങളില്‍ പ്രത്യേക പൂജകളുമുണ്ടാകും. സംസ്ഥാനത്തെ എല്ലാ ഹിന്ദു പരമ്പരകളിലും പെട്ട സംന്യാസിമാരും ആചാര്യന്മാരും പൂജകളില്‍ പങ്കുചേരും.
മഹാമാഘ മഹോത്സവ കുംഭമേളക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വിശ്വവീരശൈവ സാംസ്‌കാരിക സമിതി കേരള ഘടകം പ്രസ്താവിച്ചു.
കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന കുംഭമേളയായ മഹാമാഘ മഹോത്സവം വിജയിപ്പിക്കുന്നതിന് നൂറുകണക്കിന് വീരശൈവ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സാംസ്‌കാരിക സമിതി സംസ്ഥാന ചെയര്‍മാന്‍ മധു ഇടപ്പോണ്‍ അറിയിച്ചു. മേളയുടെ വിജയത്തിനായി സാംസ്‌കാരിക നേതാക്കളായ ചന്ദ്രശേഖരന്‍ കോട്ടയം, രഞ്ജിത്ത് ഹരിപ്പാട് തുടങ്ങിയ സമിതി നേതാക്കള്‍ നേതൃത്വം നല്‍കും.
















Discussion about this post