കണ്ണൂര്‍: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെയോ സ്വന്തം സഹോദരനെപോലെയോ ആയിരുന്നുവെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്നയാളാണ് പി. പരമേശ്വരനെന്നും ഗുരുതുല്യനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പള്ളിക്കുന്നില്‍ വസതിയിലെത്തിയ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപിയുമായുള്ള കൂടിക്കാഴ്ചയിലാണ് ടി. പത്മനാഭന്‍ മനസുതുറന്നത്.
എപ്പോള്‍ തിരുവനന്തപുരത്തെത്തിയാലും പരമേശ്വര്‍ജിയെ കാണാറുണ്ടായിരുന്നു. കേവലം കൂടിക്കാഴ്ചക്കപ്പുറം എല്ലാ കാര്യങ്ങളും അദ്ദേഹം അന്വേഷിക്കുമായിരുന്നു. ഭക്ഷണം നല്‍കുന്ന കാര്യത്തിലും തിരികെ പോകാനുള്ള യാത്രാസൗകര്യത്തെക്കുറിച്ചും അദ്ദേഹം അന്വേഷിക്കുമായിരുന്നു. ഒരു ട്രെയിന്‍ യാത്രക്കിടെ പരമേശ്വര്‍ജി കാലടി സര്‍വകലാശാലയുടെ ശോച്യാവസ്ഥയെ കുറിച്ചും പരിഹാരമായി എന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞു. അന്നത്തെ യാത്രയില്‍ എന്ത് ചെയ്യണമെന്ന് പരമേശ്വര്‍ജിയോട് താന്‍ പറയുകയും ചെയ്തിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഋഷി തുല്യനെന്നാണ്. ആ വാക്ക് മാത്രം മതി പരമേശ്വര്‍ജി ആരാണെന്നറിയാന്‍.
കാര്യലാഭത്തിന് വേണ്ടി പാര്‍ട്ടി മാറുന്നവരെ തനിക്ക് പുച്ഛമാണ്. തുടക്കം മുതല്‍ ഒരു പ്രസ്ഥാനത്തില്‍ നില്‍ക്കുന്നവരെ കാണാതെ പോവരുത്. പാര്‍ലമെന്റില്‍ പോകുന്നത് ഒപ്പിട്ട് വെറുതെ കൂക്കിവിളിക്കാനാവരുതെന്നും ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം സദാനന്ദന്‍ മാസ്റ്ററോട് പറഞ്ഞു. മനസില്‍ പൊതുസമൂഹത്തിനുതകുന്ന നിരവധി പദ്ധതികളുണ്ടെന്നും ഒരുപാട് കാര്യം ചെയ്യുമെന്നും ഉറപ്പ് നല്‍കിയാണ് സദാനന്ദന്‍ മാസ്റ്റര്‍ മടങ്ങിയത്. ഭാര്യ വനിതാ റാണി ടീച്ചര്‍, മകള്‍ യമുനാ ഭാരതി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
















Discussion about this post