കൊച്ചി: സാങ്കേതിക വിദ്യയിൽ വിസ്മയങ്ങൾ തീർക്കുന്ന മഞ്ഞുമ്മൽ സ്വദേശിയായ കമ്പ്യൂട്ടർ പ്രതിഭ മാധവ് എ. നായർക്ക് രാജ്യത്തിന്റെ ആദരം. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാനും രാഷ്ട്രപതി ഭവനിൽ നടക്കുന്ന സൽക്കാരത്തിൽ വിശിഷ്ടാതിഥിയായി സംബന്ധിക്കാനുമുള്ള ഔദ്യോഗിക ക്ഷണമാണ് മാധവിനെ തേടിയെത്തിയത്. നിലവിൽ എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ മാധവ് പഠനത്തോടൊപ്പം തന്നെ ശ്രദ്ധേയനായ ഒരു സംരംഭകൻ കൂടിയാണ്.
മാധവിന്റെ വിസ്മയകരമായ ഈ നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിക്കാൻ ആർ.എസ്.എസ് ദക്ഷിണകേരള പ്രാന്ത പ്രചാർ പ്രമുഖ് എം. ഗണേശൻ മാധവിന്റെ വസതിയിലെത്തി. രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച മാധവിനെയും കുടുംബത്തെയും അദ്ദേഹം ആശംസകൾ അറിയിച്ചു.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ‘റുഥേനിയം ആൽഫ’ എന്ന സോഫ്റ്റ്‌വെയർ വികസന സ്ഥാപനം തുടങ്ങിക്കൊണ്ടാണ് മാധവ് തന്റെ സാങ്കേതിക യാത്ര ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ.ഒ.ടി, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിൽ മാധവ് ഇതിനോടകം സ്വന്തമായി പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മൂവായിരത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ‘പോക്ക്മെഡ്’ എന്ന മെഡിക്കൽ ഹിസ്റ്ററി ആപ്പും, ക്ഷയരോഗം കണ്ടെത്താനുള്ള ‘ടിബി ലെൻസ്’ എന്ന എ.ഐ ഉപകരണവും ഏറെ ശ്രദ്ധേയമാണ്.
കേന്ദ്ര സർക്കാരിന്റെ ഇൻസ്‌പയർ മനാക് സ്കീമിന്റെ പിന്തുണയോടെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകാനായി വികസിപ്പിച്ച ‘സ്ലൈഡ് ഷീൽഡ്’ എന്ന പദ്ധതി മാധവിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള കണ്ടുപിടുത്തങ്ങളിൽ ഒന്നാണ്. കൂടാതെ, ബധിരർക്ക് ആശയവിനിമയം സുഗമമാക്കുന്ന ‘സൈൻസെൻസ്’, വായു മലിനീകരണം അളക്കുന്ന ‘എയർസ്നിഫ്’ എന്നിവയും ഈ കൊച്ചു മിടുക്കന്റെ സംഭാവനകളാണ്. നിലവിൽ STEAMCUBE എന്ന സ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനൊപ്പം ഏറ്റവും പുതിയ ക്ലൗഡ് സാങ്കേതികവിദ്യകളിൽ ഗവേഷണവും നടത്തുന്നുണ്ട്.
മഞ്ഞുമ്മൽ തൈകൂടം റോഡ് ശ്രീപദത്തിൽ ആർ.എൻ.ഡി കൺസൾട്ടന്റ് അനീഷിന്റെയും പോസ്റ്റ് മാസ്റ്റർ ജ്യോതിലക്ഷ്മിയുടെയും മകനാണ്. ആർ.എസ്.എസ്. ഏലൂർ മണ്ഡലത്തിലെ താനാജി ശാഖാ സ്വയംസേവകൻ കൂടിയാണ് മാധവ്.
















Discussion about this post