കന്യാകുമാരി: ഭാരതത്തിന്റെ അഭിമാനസ്തംഭമായ കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരക നിർമ്മാണത്തിന് അടിത്തറ പാകിയ ചരിത്രപരമായ ദൗത്യത്തിൽ പങ്കാളിയായ മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ പി. ലക്ഷ്മണൻ (86) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലായിരുന്നു അന്ത്യം. കോഴിക്കോട് വെള്ളയിൽ സ്വദേശിയായ ഇദ്ദേഹം ദീർഘകാലമായി കുടുംബസമേതം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലായിരുന്നു താമസം.
ആദ്യ ഭാര്യ പരേതയായ പുതിയാപ്പ ,മേടപറമ്പത്ത് ദേവയാനി മകൾ : വിജയകുമാരി (അദ്ധ്യാപിക)ഭാര്യ: വെള്ളയിൽ കല്ല് വെച്ച പുരയിൽ കോമളമകൻ : ജഗദീഷ് (സ്വകാര്യ കമ്പനി ഹരിയാന)
ചരിത്രമായ ‘ശ്രീപാദപ്പാറ’ വീണ്ടെടുക്കൽ
1962-ൽ വിവേകാനന്ദപ്പാറ (ശ്രീപാദപ്പാറ) അന്യമതസ്ഥരുടെ കൈയേറ്റത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി നടത്തിയ സാഹസിക നീക്കത്തിന് നേതൃത്വം നൽകിയ 15 അംഗ സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു പുളിക്കൽ ലക്ഷ്മണൻ. അന്ന് പാറയിൽ സ്ഥാപിച്ചിരുന്ന കുരിശ് നീക്കം ചെയ്ത്, വിവേകാനന്ദ സ്മാരകത്തിന് വഴിയൊരുക്കുന്നതിൽ ഈ ദൗത്യം നിർണ്ണായകമായിരുന്നു. ‘കന്യാകുമാരിയെ കന്യകാമേരിയാക്കാനുള്ള’ ആസൂത്രിത നീക്കത്തെ തടയിട്ടത് കോഴിക്കോട് നിന്നെത്തിയ ഈ സംഘമാണെന്ന് ഇന്നും അനുസ്മരിക്കുന്നു.
ദൗത്യം വിജയദശമി നാളിൽ
തമിഴ്‌നാട് പ്രാന്തപ്രചാരക് ദത്താജി ഡിഡോൾക്കറുടെ നിർദ്ദേശപ്രകാരം, അന്നത്തെ കോഴിക്കോട് വിഭാഗ് പ്രചാരക് പി. മാധവ് ജി, ജില്ലാ പ്രചാരക് വി.പി. ജനാർദ്ദനൻ എന്നിവരാണ് കടലിനെയും തിരമാലകളെയും മാറോടണച്ച മത്സ്യത്തൊഴിലാളികളായ 15 സ്വയംസേവകരെ ഈ ദൗത്യത്തിനായി കണ്ടെത്തിയത്. പി. ലക്ഷ്മണനും, എ.വി. ബാലനും നേതൃത്വം നൽകിയ സംഘം കന്യാകുമാരിയിലെത്തി സമുദ്രത്തിന്റെ സ്വഭാവം പഠിച്ച ശേഷം, 1962 ഒക്ടോബർ 8-ന് വിജയദശമി ദിവസമാണ് ‘ഓപ്പറേഷൻ’ വിജയകരമായി പൂർത്തിയാക്കിയത്.
ധീരതയുടെ 15 പേരുകൾ
കോഴിക്കോട് വെള്ളയിൽ നിന്നുള്ള പി .ലക്ഷ്മണനെ കൂടാതെ എൻ.പി. നാരായണൻ, കെ. അംബുജൻ, കെ.പി. ചന്ദ്രൻ, കെ. രാമൻ, കെ. കുട്ടിമോൻ, കൊയിലാണ്ടിയിൽ നിന്നുള്ള എ.വി. ബാലൻ, പയ്യോളി സ്വദേശികളായ വി.പി. രാമൻ, വി.പി. അച്ചുതൻ, കെ.ശ്രീധരൻ, ടി.പി. ഗംഗാധരൻ, ബേപ്പൂർ സ്വദേശികളായ എം.ദാസൻ, എം. കൃഷ്ണൻ, കെ. വാസു, കരുവൻതുരുത്ത് ഉണ്ണി എന്നിവരായിരുന്നു ആ ചരിത്രദൗത്യത്തിലെ അംഗങ്ങൾ.















Discussion about this post