കോട്ടയം: എബിവിപി സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി യദു കൃഷ്ണനെയും തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന നാലാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംഘടന തെരഞ്ഞെടുപ്പ് വരണാധികാരി ഡോ. എം.നാഗലിംഗം തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് നേതൃത്വം നൽകി.
സ്വ. വിശാൽ നഗറിൽ നടക്കുന്ന സംസ്ഥാന സമ്മേളനം എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഡോ. വൈശാഖ് സദാശിവൻ കെമിസ്ട്രിയിൽ ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ സനാതന ധർമ കോളെജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് യദുകൃഷ്ണൻ. ബിസിഎ ബിരുദവും നിയമ പഠനവും പൂർത്തിയാക്കിയിട്ടുണ്ട്.
2015 മുതൽ എബിവിപി പരിചയം. 2019 മുതൽ പൂർണസമയ പ്രവർത്തകൻ. നഗർ പ്രസിഡൻ്റ്, വയനാട് ജില്ലാ സെക്രട്ടറി, നഗർ സംഘടനാ സെക്രട്ടറി, കോഴിക്കോട് ജില്ലാ സംഘടനാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്റ് സെക്രട്ടറി, ദേശീയ നിർവ്വാഹക സമിതി അംഗം, തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്കരണവും വികസന കാഴ്ചപ്പാടുകളും, ദേശീയ ഗീതം വന്ദേ മാതരത്തിന്റെ 150-ാം വാർഷികം, ഭാരതത്തിന്റെ ഭരണഘടനയുടെ 75ാം വർഷവും അടിയന്തിരാവസ്ഥാ കാലഘട്ടത്തിന്റെ 50-ാം വർഷവും, RSS ന്റെ ശതാബ്ദി വർഷം, പ്രൊഫ യശ്വന്ത് റാവു കേൽക്കർ 100-ാം ജന്മവാർഷികം തുടങ്ങി നിരവധി വിഷയങ്ങൾ അക്ഷര നഗരിയിലെ 41-ാം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള അവലോകനവും ഭാവി പരിപാടികളും ചർച്ച ചെയ്യും. എബിവിപി ദേശീയ തലത്തിൽ നടത്തുന്ന ഹോസ്റ്റൽ സർവ്വേയ്‌ക്കും ”Screen time to activity time” എന്ന ക്യാമ്പയിനും സമ്മേളനത്തോട് കൂടി തുടക്കമാകും. പ്രതിനിധി സമ്മേളനത്തോടൊപ്പം പ്രമേയങ്ങളും വിഷയാവതരണങ്ങളും റിപ്പോർട്ട് അവതരണവും പൊതുസമ്മേളവും റാലിയും മികച്ച യുവ പ്രതിഭയെ ആദരിക്കുന്ന യുവ പുരസ്‌കാര ചടങ്ങും ഉൾപ്പെടെ വിവിധ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
















Discussion about this post