കണ്ണൂർ: ബാലവികാസകേന്ദ്ര സമന്വയ സമിതിയോടനുബന്ധിച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ സേവാസദനങ്ങളിലെ ഛാത്രാവാസ് പ്രമുഖന്മാർക്കായുള്ള നാലു ദിവസത്തെ പ്രശിക്ഷണ ശിബിരത്തിന് ചിറക്കൽ ശ്രീമംഗലം വയോജന സേവാകേന്ദ്രത്തിൽ തുടക്കമായി. ഏപ്രിൽ 24 മുതൽ 27 വരെയാണ് ശിബിരം നടക്കുന്നത്.
വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സഭയിൽ ബാലവികാസകേന്ദ്ര സംസ്ഥാന പ്രസിഡന്റ് എം. രാജീവൻ അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയീ മഠം മഠാധിപതി സംപൂജ്യ അമൃത കൃപാനന്ദപുരി സ്വാമികൾ ഭദ്രദീപം തെളിയിച്ച് ശിബിരം ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി സി. ബാലഗോപാലൻ മാസ്റ്റർ, സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ. മോഹനൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. രതി സ്വാഗതവും ഛാത്രാവാസ് പ്രമുഖ് രേഷ്മ നന്ദിയും രേഖപ്പെടുത്തി.
നാലു ദിവസങ്ങളിലായി നടക്കുന്ന ശിബിരത്തിൽ വിവിധ കാലാംശങ്ങളിലായി ദേശീയ സേവാഭാരതി അഖില ഭാരതീയ കാര്യകർത്താവ് രാമാചാരി, പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സൻ തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അമ്പതോളം ഛാത്രാവാസ് പ്രമുഖന്മാരാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തുവരുന്നത്.














