കോട്ടയം: നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദകേന്ദ്രം കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രണ്ടാമത് സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
അച്ചടി മാധ്യമ വിഭാഗത്തിൽ മലയാള മനോരമ കടുത്തുരുത്തി ലേഖകൻ ബിജു പുളിക്കനും, ദൃശ്യ മാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസ് ലേഖകൻ ഷിനോജ് എസ് ടി യും ആണ് പുരസ്കാര ജേതാക്കൾ.
മെയ് രണ്ടിന് (02/05/2026) 4 ന് കോട്ടയം പ്രസ്സ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും .10001 രൂപ ക്യാഷ് അവാർഡും മെമന്റൊയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.
യോഗത്തിൽ മുതിർന്ന പത്രപ്രവർത്തകൻ പോൾ മണലിൽ അധ്യക്ഷത വഹിക്കും.മുതിർന്ന മാധ്യമ പ്രവർത്തകനും പാമ്പാടി ഐഐഎംസി റീജിയണൽ ഡയറക്ടറുമായ ഡോ. അനിൽകുമാർ വടവാതൂർ ഉദ്ഘാടനവും ശങ്കുണ്ണിപ്പിള്ള അനുസ്മരണ പ്രഭാഷണവും നടത്തും.
രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരള പ്രാന്ത സഹ പ്രചാർ പ്രമുഖ് എം സതീശൻ അവാർഡ് വിതരണം നിർവഹിക്കും.
മനോരമയിൽ പ്രസിദ്ധീകരിച്ച ഇവർക്ക് നൽകിക്കൂടെ ഇത്തിരി ശുദ്ധ ജലം, കവർന്നെടുത്തല്ലോ കള്ളാ ഭാഗ്യം എന്നീ വാർത്തകളാണ് ബിജു പുളിക്കനെ അവാർഡിന് അർഹനാക്കിയത്.
മുചക്രവണ്ടിയിൽ ലോട്ടറി വിൽക്കുന്ന അച്ഛന് താങ്ങായ പതിനാറുകാരി പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങിയതിനെ പറ്റി മാതൃഭൂമി ന്യൂസിലൂടെ വന്ന വാർത്തക്കാണ് ഷിനോജിന് അവാർഡ് ലഭിച്ചത്.

















Discussion about this post