കൊച്ചി: ശാരീരിക അവശതകളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുന്ന തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹൈസ്‌കുളിലെ വിദ്യാർത്ഥിനി മീനാക്ഷി എൻ. നവീൻ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. ലോക്കോ മോട്ടോർ ഡിസബിലിറ്റിയുള്ള വിദ്യാർത്ഥിനിയായ മീനാക്ഷി നേരത്തെ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ്പുകൾ ഉൾപ്പെടെ വിവിധ അക്കാദമിക് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ജില്ലയിൽ തന്നെ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളിൽ ഒരാളായി ‘ഗിഫ്റ്റഡ് ചൈൽഡ്’ വിഭാഗത്തിൽ പ്രത്യേക കോച്ചിങ്ങിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കലാ രംഗത്തും മികവ് തെളിയിച്ച മീനാക്ഷി, ഭിന്നശേഷി കലോത്സവങ്ങളിലും വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയയായി. അമൃത ടിവിയുടെ ‘ശ്രേഷ്‌ഠ ഭാരതം’ പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. എറണാകുളം ജില്ല മീഡിയ സെൽ കൺവീനർ നവീൻ ശിവൻറെയും മഹിളാമോർച്ച ജില്ലാ ഉപാധ്യക്ഷയും തൃപ്പൂണിത്തുറ നഗരസഭ കൗൺസിലറുമായ ശോണിമ നവിൻ്റേയും മകളാണ്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മാധവ് സഹോദരനാണ്.














