കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മഹാനഗരം സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമം ‘വൈഭവ ഭാരത് – 2026’ ശ്രദ്ധേയമായി. എറണാകുളം ഭാരത ടൂറിസ്റ്റ് ഹോമിൽ നടന്ന പരിപാടിയിൽ ആർ.എസ്.എസ് ക്ഷേത്രീയ സമ്പർക്ക പ്രമുഖ് ബി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ നൂറ് വർഷത്തെ പ്രവർത്തനങ്ങളിലൂടെ ഭാരതത്തിലെ ഓരോ ഗ്രാമത്തിലും സംഘം വരുത്തിയ മാറ്റങ്ങളെ അദ്ദേഹം വിശദീകരിച്ചു. സമാജത്തിന്റെ വിവിധ മേഖലകളിൽ സംഘം എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട്, അവരവരുടെ കർമ്മമേഖലകളിൽ സത്യസന്ധമായും ആത്മാർത്ഥമായും പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രത്തിന്റെ വൈഭവത്തിലേക്കുള്ള വഴിയെന്ന് ബി. പ്രകാശ് പറഞ്ഞു.
ഓരോ വ്യക്തിക്കും തങ്ങളുടെ കഴിവുകൾക്കനുസരിച്ചുള്ള കർമ്മപഥം കണ്ടെത്താനും അതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും സംഘം വേദിയൊരുക്കുന്നു. ശതാബ്ദിയോടനുബന്ധിച്ച് സംഘം മുന്നോട്ടുവെക്കുന്ന ‘പഞ്ചപരിവർത്തനം’ പൂർണ്ണമായി നടപ്പിലാക്കുമ്പോൾ, ഭാരതീയ ജനതയുടെ കൂട്ടായ ശക്തിയിലൂടെ രാജ്യം ലോകത്തിന്റെ നെറുകയിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനും ശൃംഗേരി ശങ്കരമഠത്തിന്റെ കേരളത്തിലെ പ്രതിനിധിയുമായ അഡ്വ. ആനന്ദകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗര സംഘചാലക് ഡോ. പി. ശ്രീനിവാസൻ സംബന്ധിച്ചു. കൊച്ചിയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, ഗവേഷകർ, വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ 160-ഓളം പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.

















Discussion about this post