കരുനാഗപ്പള്ളി: രാഷ്‌ട്രപതിയായ ശേഷം ആദ്യത്തെ പത്ത് മാസത്തെ ശമ്പളം ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മാതാ അമൃതാനന്ദമയി മഠത്തിന് സംഭാവന ചെയ്തിരുന്നുവെന്നും, ആ തുക ഉപയോഗിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം രാമേശ്വരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവവാര്‍ഡ് നിര്‍മിച്ചുനല്‍കിയെന്നും മാതാ അമൃതാനന്ദമയീ ദേവി.
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരില്‍ സ്ഥാപിച്ച ജനനി വനിത ശാക്തീകരണ പുരസ്‌കാരം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറില്‍ നിന്ന് ഏറ്റുവാങ്ങിയശേഷമാണ് അമ്മ ഇക്കാര്യം പങ്കുവെച്ചത്.
രാഷ്‌ട്രപതിയായിരുന്ന കാലത്തെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് കലാമിന്റെ പേരില്‍ ആദ്യ പത്ത് മാസത്തെ ശമ്പളത്തുക മഠത്തിന് ലഭിച്ചതായി മനസിലായതെന്ന് അമ്മ പറഞ്ഞു. തുടര്‍ന്ന് മഠത്തിന്റെ ഭാഗത്തുനിന്ന് കലാമിനെ ബന്ധപ്പെട്ട് ആ തുക ഉപയോഗിച്ച് പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടോയെന്ന് ചോദിച്ചു. അപ്പോഴാണ് തന്റെ ജന്മനാടായ തമിഴ്‌നാട്ടിലെ രാമേശ്വരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡിന്റെ അഭാവം മൂലം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് കലാം അറിയിച്ചത്. ഇതേത്തുടര്‍ന്ന് മാതാ അമൃതാനന്ദമയി മഠം അവിടെ ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവ വാര്‍ഡ് നിര്‍മിച്ച് നല്‍കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. ‘കലാം ഇന്ത്യയുടെ മുത്തും വിശുദ്ധാത്മാവുമാണ്. അദ്ദേഹത്തിന്റെ ജീവിതം രാജ്യസ്‌നേഹത്തിന്റെയും മനുഷ്യസേവനത്തിന്റെയും ഉത്തമ മാതൃകയാണ്.’ എന്നും അമ്മ അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ രാമേശ്വരത്തെ ഡോ. കലാമിന്റെ ജന്മവീട് സന്ദര്‍ശിച്ച അനുഭവവും പങ്കുവെച്ചു. കലാമിന്റെ ലാളിത്യവും രാജ്യസേവനത്തിനായുള്ള സമര്‍പ്പണവും ഇന്നും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള മഹാത്മാക്കളാണ് സമൂഹത്തിന് മാര്‍ഗദര്‍ശകരും കരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.














Discussion about this post