കോഴിക്കോട്: സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ആവശ്യപ്പെട്ടു.
സെന്‍സസ് മാന്വലില്‍ വ്യക്തമായി പറയുന്നത് ഒരു ഹൗസ് ലിസ്റ്റിങ് ബ്ലോക്കില്‍ (എച്ച്എല്‍ബി) പരമാവധി 150 വീടുകള്‍ മാത്രമേ ഉള്‍പ്പെടുത്താവൂ എന്നും അതില്‍ കൂടുതല്‍ വന്നാല്‍ പുതിയ എച്ച്എല്‍ബി രൂപീകരിക്കണമെന്നുമാണ്. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ 500ലധികം വീടുകള്‍ വരെ അദ്ധ്യാപകര്‍ക്ക് അനുവദിക്കുകയാണ്.
കൃത്യമായ മാപ്പോ ലൊക്കേഷനോ നല്‍കാതെയും പലര്‍ക്കും ഇന്നുവരെ തിരിച്ചറിയല്‍ കാര്‍ഡ് പോലും നല്‍കാതെയും ഫീല്‍ഡിലേക്ക് അയയ്‌ക്കുകയും ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗം അദ്ധ്യാപകര്‍ തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട ജോലി പൂര്‍ത്തിയാക്കിയ ശേഷവും, ഭരണകക്ഷി സംഘടനക്കാരായ അദ്ധ്യാപകര്‍ക്ക് അനുവദിക്കപ്പെട്ട അധിക എച്ച്എല്‍ബികളും നൂറുകണക്കിന് വീടുകളും വീണ്ടും കൃത്യമായി സെന്‍സസ് പ്രവര്‍ത്തനം പൂര്‍ത്തികരിച്ച അദ്ധ്യാപകരുടെ മേല്‍ നടപടിയെടുക്കുന്നുണ്ട്. തഹസില്‍ദാര്‍മാര്‍ ജൂലൈ 24ന് തങ്ങളുടെ ജോലി പൂര്‍ത്തീകരിച്ച എന്യൂമറേറ്റര്‍മാര്‍ക്ക് പുനര്‍നിയമന ഉത്തരവിലൂടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അധിക ജോലിഭാരം അടിച്ചേല്‍പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നീതീകരിക്കാനാകില്ല. ഇത് സംബന്ധിച്ച് സംസാരിക്കാന്‍ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറല്ല. ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന വ്യാമോഹം പ്രതിഷേധാര്‍ഹമാണ്.
കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ നിരവധി അദ്ധ്യാപകര്‍ അമിത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന പരാതികള്‍ ഗൗരവത്തോടെ കാണേണ്ടതാണ്.
സെന്‍സസ് ഡ്യൂട്ടി മനുഷ്യസൗഹൃദവും മാന്വല്‍ അനുസരിച്ചും ക്രമീകരിക്കുകയും നിയമവിരുദ്ധവും അന്യായവുമായ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുകയും അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുന്ന സമീപനം അവസാനിപ്പിക്കുകയും വേണമെന്ന് അനൂപ് കുമാര്‍ ആവശ്യപ്പെട്ടു.















Discussion about this post