കുറ്റൂർ (പത്തനംതിട്ട): സേവനത്തിന്റെ നാൾവഴികളിൽ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവച്ച സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ്‌കുമാർ (65) അന്തരിച്ചു. തൈമറവുംകര പുത്തൻപുരയ്‌ക്കൽ സൗപർണികയിൽ ഉണ്ണിച്ചേട്ടൻ എന്ന സുരേഷ്‌കുമാർ ദീർഘനാളായി സേവാഭാരതി പ്രവർത്തനത്തിൽ സജീവമായിരുന്നു.
ഈ പ്രളയത്തിലും ദുർഘടമായ പലയിടങ്ങളിലും വള്ളത്തിലെത്തിയാണ് സുരേഷ്‌കുമാറും കൂട്ടരും സേവാപ്രവർത്തനം നടത്തിയത്. ഓതറ, കുറ്റൂർ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളെയാണ് സുരേഷ്‌കുമാർ കരയ്‌ക്കെത്തിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. തുടർന്ന് ചെങ്ങന്നൂർ ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് വിയോഗം. ഭാര്യ: ജ്യോതി. മക്കൾ: രോഹിത്, രമ്യ. സംസ്‌കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ.














