കണ്ണൂര്‍: താഴ്ന്നജാതിക്കാരന്‍ അദ്ധ്യാത്മരാമായണം വിവര്‍ത്തനം ചെയ്യുന്നത് തെറ്റായതിനാലാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിയെ കൊണ്ട് പാടിക്കുന്ന രീതിയില്‍ രചന നടത്തിയതെന്ന വ്യാഖ്യനം ശുദ്ധ മണ്ടത്തരമാണെന്ന് പ്രമുഖ പ്രഭാഷകനും സാമൂഹ്യനിരീക്ഷികനുമായ എ.പി. അഹമ്മദ്. എഴുത്തച്ഛന്റെ കിളി ഒരു ദാര്‍ശനിക സത്യമാണ്. പരമാത്മാവിന്റെ പ്രതീകമെന്ന നിലയിലാണ് തന്റെ രചന അദ്ദേഹം കിളിയിലൂടെ അവതരിപ്പിച്ചത്.
ദൈവം ഒന്നേയുള്ളു, മനുഷ്യന്‍ ഒന്നേയുള്ളു, ദൈവവും മനുഷ്യനും ഒന്നാണ് എന്നതാണ് എഴുത്തച്ഛന്റെ ദര്‍ശനത്തിന്റെ ആകെത്തുക. വേദം എല്ലാവര്‍ക്കും പ്രാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഋതുവായ പെണ്ണിനും എരപ്പനും ദാഹകനും അഗ്നിയജനം ചെയ്ത ഭൂസുരനും…’ എല്ലാം വേദാധികരിയാണെന്ന് എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തില്‍ പറയുന്നത്, മനുഷ്യന്‍ ഒന്നാണ് എന്ന ദര്‍ശനത്തിന്റെ വെളിച്ചത്തിലാണ്. ആ ദര്‍ശനത്തെ പ്രാപഞ്ചികമായി അവതരിപ്പിക്കാനാണ് അദ്ദേഹം അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയത്. ലോകത്ത് നവോത്ഥാനമുണ്ടായ 15-16 നൂറ്റാണ്ടുകളില്‍ തന്നെ കേരളത്തിലും നവോത്ഥാനം ഉണ്ടായെന്നതിന്റെ തെളിവാണ് എഴുത്തച്ഛന്‍. എന്നാല്‍ തുറന്നുപറയാന്‍ ആരും തയാറാവുന്നില്ലെന്നും എ.പി. അഹമ്മദ് പറഞ്ഞു.
കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ ‘രാമായണവിചാരം’ പ്രഭാഷണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്മാരായ എം. ശ്രീഹര്‍ഷന്‍, യു.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമിതി അംഗം പ്രമോദ് കാളിയത്ത് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് സി.കെ. സുരേഷ് വര്‍മ്മ സ്വാഗതവും സെക്രട്ടറി ഗണേഷ് വെള്ളിക്കീല്‍ നന്ദിയും പറഞ്ഞു.














Discussion about this post