നാഗര്‍കോവില്‍: ‘ശ്രീറാം ജയറാം ജയ ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന് കന്യാകുമാരിയില്‍ വിട നല്‍കി.
കന്യാകുമാരി വിവേകാനന്ദകേന്ദ്രം അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ശരീരം വിവേകാനന്ദ കേന്ദ്രത്തിന് സമീപത്തെ ശ്മശാനത്തില്‍ പ്രത്യേകം തയാറാക്കിയ ചിതയില്‍ ഇന്നലെ ദഹിപ്പിച്ചു. വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകളോളം നേതൃത്വം നല്‍കിയ കര്‍മ്മയോഗിയുടെ ഭൗതികശരീരം അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ആയിരക്കണക്കിന് പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും കഴിഞ്ഞ രണ്ട് ദിവസമായി എത്തിയിരുന്നു. വിവേകാനന്ദ കേന്ദ്രം ട്രെയിനിങ് സെന്ററിലെ ചിത്രകൂടില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ ഇന്നലെ രാവിലെ മുതല്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ പ്രവാഹമായിരുന്നു.
ജീവിതം മുഴുവന്‍ സേവനത്തിനും സംഘടനാ പ്രവര്‍ത്തനത്തിനുമായി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ നിരവധി പ്രവര്‍ത്തകര്‍ വിതുമ്പി. സ്‌നേഹത്തോടെയും ആത്മബന്ധത്തോടെയും സഹപ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ചിരുന്ന അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഓരോരുത്തരുടെയും മനസില്‍ നിറഞ്ഞുനിന്നു.
രാവിലെ പത്തരയോടെ ഹിന്ദുമതാചാരപ്രകാരം പുരോഹിതന്മാരുടെ കാര്‍മ്മികത്വത്തില്‍ ജ്യേഷ്ഠപുത്രന്‍ ഗണേഷ് അന്ത്യകര്‍മ്മങ്ങള്‍ നടത്തി. 12 മണിയോടെ മൃതദേഹം വിവേകാനന്ദ കേന്ദ്രത്തിനു സമീപത്തെ ശ്മശാനത്തില്‍ തയാറാക്കിയ ചിതയില്‍ ദഹിപ്പിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനന്‍, ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു, തമിഴ്‌നാട് ഉത്തര-ദക്ഷിണ പ്രാന്തപ്രചാരകന്മാരായ പ്രശോഭ് കുമാര്‍, ആറുമുഖം, വിവേകാനന്ദകേന്ദ്രം രാജ്യാന്തര സ്ഥാപക ചെയര്‍മാന്‍ എസ്. ഗുരുമൂര്‍ത്തി, വിവേകാനന്ദ കേന്ദ്രം മുന്‍ അധ്യക്ഷ ഡോ. എം. ലക്ഷ്മീകുമാരി, വൈസ് പ്രസിഡന്റ് പദ്മശ്രീ നിവേദിത ദീദി, സ്വദേശി ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് സുന്ദര, കന്യാകുമാരി എംഎല്‍എ ദളവായ് സുന്ദരം, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തകരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സേവാപ്രവര്‍ത്തകരും സംഘടനാ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ജീവിതത്തില്‍ താന്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും സേവനദൗത്യത്തിനും ഒപ്പം നിന്ന സഹപ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനകളുടെ നടുവിലായിരുന്നു കര്‍മ്മയോഗിയുടെ അവസാന യാത്ര.
















