കോട്ടയം: ശബരിമല ശ്രീ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും മലയാള സർവകലാശാലാ പരിപാടിയിൽ സണ്ണി എം. കപ്പിക്കാട് നടത്തിയ പരാമർശം അതിനിന്ദ്യവും അപഹാസ്യവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു. തിരുനക്കര മൈതാനത്ത് നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം ദളിത് ആക്ടിവിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ഹിന്ദു നാമധാരിയായ സണ്ണി എം. കപ്പിക്കാട് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് പ്രസംഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ ചിലർ ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുകയാണെന്നും ദളിത് ചിന്തകന്മാർ ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും വലിയ ആദർശങ്ങളുടെ മാതൃകയാണ് നമ്മുടെ മുന്നിൽ വെച്ചത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തിരുനക്കരക്ഷേത്ര മൈതാനിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് ധർണ്ണ നടന്നത്.
ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ഈ നാട് ഭരിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും ഇത് സംസ്ഥാനത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സമിതി അംഗം അഡ്വ. നാരായണൻ നമ്പൂതിരി, സാംബവ മഹാസഭ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. സത്യശീലൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന മടമണ്ഡൽ പ്രമുഖ് ഓമനക്കുട്ടൻ സ്വാഗതവും ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ കുമ്മനം നന്ദിയും പറഞ്ഞു.
മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹൻ, അയ്യപ്പ സേവ സമാജം ജില്ലാ പ്രസിഡന്റ് ശ്രീകുമാർ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, ജനറൽ സെക്രട്ടറി രതീഷ്, ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. രഘുദേവ്, അനീഷ് എൻ. പിള്ള, വി.എച്ച്.പി. ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഗോപീകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

















