കൊച്ചി: ഭാരതത്തിന്റെ ധാര്‍മികബോധത്തെ സ്ഥിതമാക്കുകയും ആത്മീയചിന്തകള്‍ക്ക് ദിശാബോധം നല്‍കുകയും ലോകത്തിന് അദ്വൈതദര്‍ശനം പ്രദാനം ചെയ്യുകയും ചെയ്ത മഹാനുഭാവനാണ് ആദിശങ്കരാചാര്യരെന്ന് സാഹിത്യകാരന് സി. രാധാകൃഷ്ണന്. ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സംസ്ഥാനും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറിന്റെ സ്മരണിക ‘ശ്രീശങ്കരം’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിശങ്കരന്റെ പേരിലുള്ള ചടങ്ങായതിനാല്ത്തന്നെ ഈ സെമിനാര്‍ ദൈവികമായ അനുഭവമാണ് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സദസില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ദൈവാനുഗ്രഹമുണ്ടാവുകയും ചെയ്യും. ശങ്കരാചാര്യര്‍ പിറന്ന മണ്ണില്‍ തന്നെ ജനിക്കാന്‍ കഴിഞ്ഞത് എന്നും അഭിമാനത്തോടെ സ്മരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ശങ്കരാചാര്യരാണ് എന്റെ മാനസഗുരു. പുസ്തകങ്ങളാണ് പ്രാണവായുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി, കൊച്ചി യൂണിറ്റ് മാനേജര്‍ എന്‍.എസ്. ബാബു, മാര്‍ക്കറ്റിങ് മാനേജര്‍ കെ. സുരേന്ദ്രന്, അക്കൗണ്ട്സ് മാനേജര്‍ അനീഷ് എ.കെ., സുകൃതം ഭാഗവതയജ്ഞം സമിതി ജനറല്‍ സെക്രട്ടറി പി.വി. അതികായന്, ബിജെപിസംസ്ഥാന സമിതി അംഗം സി.ജി. രാജഗോപാല്‍, ചിന്മയ വിശ്വ വിദ്യാപീഠം അദ്ധ്യാപിക ഡോ. കെ.ആര്.എന്‍ അശ്വനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ജന്മഭൂമി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കുടമാളൂര്‍ കോളജ് അദ്ധ്യാപകന് പി.പി. രാജേഷും ചടങ്ങില്‍ സന്നിഹിതനായിരുന്നു.












