കൊച്ചി: പുസ്തകങ്ങള്‍ കേവലം വായനയ്ക്കുള്ള വസ്തുവല്ല, മറിച്ച് മനുഷ്യന്റെ ജീവിതത്തെ എല്ലാ തലങ്ങളിലും മാറ്റിയെടുക്കാന്‍ സഹായിക്കുന്ന വലിയൊരു ഉപാധിയാണെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ആരംഭിച്ച കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാത്മികത, സംസ്കാരം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ നൂറു ശതമാനം സാക്ഷരത നേടിയവരാണ് കേരളത്തിലുള്ളവര്‍. രാജ്യത്തിനകത്തും പുറത്തും ഭാരതത്തിന്റെ സല്‍പ്പേര് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കേരളീയര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കുവാനും ഗ്രാമങ്ങളില്‍ വായനാശീലം വളര്‍ത്തുവാനും പി.എന്‍. പണിക്കര്‍ക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ് വായന തുടങ്ങിയതെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. എസ്. സോമനാഥ്. സയന്‍സ് ആന്‍ഡ് ടെക്നോളജി പവിലിയന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും സാങ്കേതികവിദ്യയും ലളിതമായ രീതിയില്‍ വിവരിക്കുന്ന പുസ്തകങ്ങളാണ് വായിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ശാസ്ത്ര സാങ്കേതികവിദ്യയുടെ യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നുവന്നപ്പോള്‍ ഇവയില്‍ പലതും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
എത്ര ബുക്കുകള്‍ പ്രദര്‍ശിപ്പിച്ചു എന്നതിലല്ല എത്ര പുതിയ വായനക്കാരെ കൊണ്ടുവന്നു എന്നതാണ് ഓരോ ബുക്ക് ഫെസ്റ്റിവലിന്റെയും നേട്ടമെന്ന് സമിതി ചെയര്മാന് മധു എസ്. നായര്‍ അധ്യക്ഷഭാഷണത്തില്‍ പറഞ്ഞു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഉപഹാരമായി ആറന്മുള കണ്ണാടിയും ചെയര്മാന് കൈമാറി. ഹൈബി ഈഡന് എം.പി ഫെസ്റ്റിവല്‍ ബുള്ളറ്റിന് പ്രകാശനം ചെയ്തു. എക്സിക്യൂട്ടീവ് സെക്രട്ടറി ബി. പ്രകാശ് ബാബു, ന്യൂദല്‍ഹി സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. വരുണ്‍ ഗുലാത്തി, മുന്‍ എപിഎസ് അംഗം ജോസ് ക്രിസ്റ്റഫര്‍ എന്നിവര്‍ സംസാരിച്ചു.












