കേരളത്തിലെ ആര്‍.എസ്.എസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായക പങ്കുവഹിച്ച നാല് പ്രധാന നഗരങ്ങളുണ്ട്. സംഘപ്രവര്‍ത്തനം കേരളത്തില്‍ ആദ്യമായി ആരംഭിച്ചത് തിരുവനന്തപുരത്തായിരുന്നെങ്കിലും, തുടര്‍പ്രവര്‍ത്തനങ്ങളില്‍ പ്രാരംഭഘട്ടത്തില്‍ ചില ശുഷ്‌കാന്തിക്കുറവുണ്ടായതായി അന്തരിച്ച ഹരിയേട്ടന്‍ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, കോഴിക്കോട് ആദ്യകാലം മുതലേ ജാഗ്രത പുലര്‍ത്തിയിരുന്നതിനാല്‍ കേരളത്തിലെ ആദ്യ ശാഖ കോഴിക്കോടാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. കൊച്ചിയും പാലക്കാടുമാണ് ഈ പട്ടികയിലെ മൂന്നും നാലും നഗരങ്ങള്‍.
ആദ്യകാല പ്രചാരകന്മാരില്‍ ഭൂരിഭാഗവും കോഴിക്കോടിന്റെ സംഭാവനയായിരുന്നു. അന്തരിച്ച രാ. വേണുഗോപാല്‍, മാര്‍ത്താണ്ഡവര്‍മ്മ, ടി.എന്‍. ഭരതന്‍, പി. മാധവന്‍ (മാധവ്ജി), കുമാരന്‍ തുടങ്ങിയവര്‍ ഇതില്‍ പ്രമുഖരാണ്. അതേസമയം, പഠനാര്‍ത്ഥം തിരുവനന്തപുരത്തെത്തിയ തെക്കന്‍ കേരളത്തിലെ യുവാക്കളെ കേന്ദ്രീകരിച്ച് നടന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് പരമേശ്വര്‍ജി, എം.എ. സാര്‍, രാമചന്ദ്രന്‍ കര്‍ത്ത, പി. നാരായണ്‍ജി തുടങ്ങിയവര്‍ പ്രചാരകന്മാരായി ഉയര്‍ന്നുവന്നത്.
കൊച്ചിയില്‍ 1946 മുതലാണ് സംഘശാഖകള്‍ കൂടുതല്‍ സജീവമാകുന്നത്. കേരളത്തിലെ ആദ്യ പ്രാന്തപ്രചാരകനായ ഭാസ്‌കര്‍ റാവുജിയുടെ വരവോടെ എറണാകുളം, കോട്ടയം ജില്ലകളില്‍ പ്രവര്‍ത്തനം ശക്തമായി. കൊച്ചിയില്‍ നിന്നുള്ള ആദ്യ പ്രചാരകന്‍ അന്തരിച്ച ഹരിയേട്ടനായിരുന്നു. തുടര്‍ന്ന് അന്‍പതുകളില്‍ എ.വി. ഭാസ്‌കരന്‍ (ഭാസ്‌കര്‍ജി), വി. രാധാകൃഷ്ണ ഭട്ട് (ഭട്ജി) തുടങ്ങിയവരും പ്രചാരകന്മാരായി രംഗത്തുവന്നു.
ഭാസ്‌കര്‍ജി പ്രചാരകനാകുന്നതിന് മുന്‍പ് അധ്യാപകനായിരിക്കെത്തന്നെ പൊന്‍കുന്നത്തും സമീപപ്രദേശങ്ങളിലും സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ മാതൃകാപരമായ പങ്കുവഹിച്ചു. ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് എം.എ. കൃഷ്ണനും (എം.എ. സാര്‍) അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷം പ്രചാരകനായി മാറുന്നത്. കേരളത്തിലെ സംഘപ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളായിരുന്നു ഇവരെല്ലാം. ഒരു ദീപത്തില്‍ നിന്ന് മറ്റൊരു ദീപം തെളിയുന്നതുപോലെ, ഡോക്ടര്‍ജി എന്ന ഒറ്റ വ്യക്തിത്വത്തില്‍ നിന്ന് ആയിരക്കണക്കിന് ഡോക്ടര്‍ജിമാര്‍ രൂപപ്പെടുകയായിരുന്നു. എറണാകുളത്തെ സമ്പന്ന കുടുംബാംഗമായിരുന്ന ഭാസ്‌കര്‍ജിക്ക് പ്രചാരകനാകാന്‍ പ്രചോദനമായത് ഹരിയേട്ടന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. അടിയന്തിരാവസ്ഥ വരെയുള്ള കാല്‍ നൂറ്റാണ്ടുകാലം പട്ടാമ്പി, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം തുടങ്ങിയ വിവിധ ജില്ലകളില്‍ അദ്ദേഹം പ്രചാരകനായി സേവനമനുഷ്ഠിച്ചു. പിന്നീട് പാലക്കാട് വിഭാഗ് പ്രചാരകനായും, അടിയന്തിരാവസ്ഥയ്‌ക്ക് തൊട്ടുമുന്‍പ് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ കേരളത്തിന്റെ സംഭാഗ് പ്രചാരകനായും നിയമിതനായി (വടക്കന്‍ മേഖലയുടെ ചുമതല ഹരിയേട്ടനായിരുന്നു).
അടിയന്തിരാവസ്ഥക്കാലത്ത് പ്രവര്‍ത്തനരീതികളില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. ഭാസ്‌കര്‍ റാവുജിയുടെ ഏകോപനത്തില്‍ മാധവ്ജി, ഹരിയേട്ടന്‍, ഭാസ്‌കര്‍ജി, എം.എ. സാര്‍ തുടങ്ങിയവര്‍ കേരളത്തിലുടനീളം സഞ്ചരിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തി. ‘സംഘം’ എന്ന പവര്‍ഹൗസില്‍ നിന്ന് പ്രസരിച്ച ആശയം സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയും ബാലഗോകുലം, തപസ്യ, കേരള ക്ഷേത്ര സംരക്ഷണ സമിതി, ഭാരതീയ വിദ്യാനികേതന്‍, വനവാസി കല്യാണ്‍ ആശ്രമം തുടങ്ങിയ വിവിധ പോഷക സംഘടനകള്‍ക്ക് കേരളത്തില്‍ തുടക്കമാവുകയും ചെയ്തു.
ഇതില്‍ വിദ്യാഭ്യാസ മേഖലയിലെ (ഭാരതീയ വിദ്യാനികേതന്‍) പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭാസ്‌കര്‍ജി നിയോഗിക്കപ്പെട്ടത്. കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തില്‍ ഒരു വിദ്യാലയം സ്ഥാപിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. എന്നാല്‍, ഒരു ദശാബ്ദത്തിനുള്ളില്‍ നൂറുകണക്കിന് വിദ്യാലയങ്ങള്‍ വിവിധ ജില്ലകളിലായി സ്ഥാപിച്ചെടുക്കാന്‍ ഭാസ്‌കര്‍ജിക്കായി. ഇത് അദ്ദേഹത്തിന്റെ സംഘടനാ പാടവത്തിന്റെയും ഭഗീരഥ പ്രയത്‌നത്തിന്റെയും തെളിവാണ്.
മറ്റ് പ്രചാരകരില്‍ നിന്ന് വ്യത്യസ്തമായ പല വ്യക്തിത്വ സവിശേഷതകളും ഭാസ്‌കര്‍ജി പുലര്‍ത്തിയിരുന്നു. ദേവീ ഉപാസകനായിരുന്നു അദ്ദേഹം. എഴുപതുകളുടെ അവസാനം മുതല്‍ നാല്പതിലേറെ വര്‍ഷം അദ്ദേഹം മുടങ്ങാതെ നിത്യപൂജ നടത്തിവന്നു. യാത്രകളിലാണെങ്കില്‍ പോലും സൂര്യോദയത്തില്‍ രണ്ടര മണിക്കൂറോളം നീളുന്ന പൂജ അദ്ദേഹം നിര്‍വ്വഹിക്കുമായിരുന്നു.
ഇതോടൊപ്പം തന്നെ അദ്ദേഹം തികഞ്ഞ സംഘ പ്രചാരകനുമായിരുന്നു. സംഘകാര്യത്തിനപ്പുറം വ്യക്തിപരമായ താല്‍പ്പര്യങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഭാസ്‌കര്‍ റാവുജി, മാധവ്ജി, ഹരിയേട്ടന്‍ എന്നിവരെ ഗുരുതുല്യരായി കണ്ട അദ്ദേഹം ഹരിയേട്ടനുമായി അടുത്ത സൗഹൃദവും പുലര്‍ത്തി. ഭാസ്‌കര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ വിദ്യാനികേതന്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ തനതായ ഇടം നേടി. അന്‍പതോളം സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍, മുന്നൂറിലേറെ മറ്റ് വിദ്യാലയങ്ങള്‍, ബി.എഡ്. സ്ഥാപനങ്ങള്‍ എന്നിവ സ്വന്തം സ്ഥലത്തും കെട്ടിടങ്ങളിലുമായി ഉയര്‍ന്നു വന്നു. വിദ്യാനികേതന്റെ സംസ്ഥാനത്തെ ആദ്യ വിദ്യാലയ സമുച്ചയമായ പാലക്കാട് വ്യാസവിദ്യാപീഠത്തില്‍ സ്വന്തം പണം മുടക്കി ബാലാപരമേശ്വരി ക്ഷേത്രവും അദ്ദേഹം നിര്‍മ്മിച്ചു.
തനിക്ക് കുടുംബത്തില്‍ നിന്ന് ലഭിച്ച സ്വത്തുക്കള്‍ മുഴുവന്‍ നാടിനും പ്രസ്ഥാനത്തിനും സമര്‍പ്പിച്ചു എന്നതാണ് ഭാസ്‌കര്‍ജിയുടെ ഏറ്റവും വലിയ സവിശേഷത. ‘പോന്നു ഞാന്‍ നിസ്വനായി പോകും പരമ നിസ്വനായിനി’ എന്ന കവിവാക്യം പോലെ, തനിക്കവകാശപ്പെട്ട സകല സ്വത്തുവകകളും സംഘത്തെ മുന്‍നിര്‍ത്തി സമൂഹത്തിന് ദാനം ചെയ്യാന്‍ അദ്ദേഹം തയ്യാറായി. എറണാകുളത്തെ കോടികള്‍ വിലമതിക്കുന്ന ‘ലക്ഷ്മീബായ് ടവേഴ്സ്’ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ സംഘത്തെ സാക്ഷിനിര്‍ത്തി വിവിധ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കായി അദ്ദേഹം വീതിച്ചു നല്‍കി. ലക്ഷ്മീബായ് ധര്‍മ്മപ്രകാശന്‍, ലക്ഷ്മീബായ് മെമ്മോറിയല്‍ ട്രസ്റ്റ്, ഭാസ്‌കര്‍ റാവു സ്മാരകസമിതി, ഭാരതീയ വിദ്യാനികേതന്‍, ഡോ. ഹെഡ്ഗേവാര്‍ സേവാസമിതി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഇന്ന് ഇവിടെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പേരില്‍ ഒന്നും മാറ്റിവെക്കാതെ അദ്ദേഹം കാട്ടിയ ഈ ത്യാഗമനോഭാവമാണ് എ.വി. ഭാസ്‌കരനെ ‘ഭാസ്‌കര്‍ജി’യാക്കി മാറ്റിയത്. അദ്ദേഹത്തിന്റെ 9-ാം ശ്രാദ്ധദിനമാണ് ഇന്ന്.












