തിരുവനന്തപുരം/കല്ലമ്പലം: പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്യാനെത്തിയ പ്രത്യേക സ്ക്വാഡില്‍ ഉള്‍പ്പെട്ട നാലു പോലീസുകാര്‍ക്ക് പ്രതിയുടെ കുത്തേറ്റു. കല്ലമ്പലം സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് നടുറോഡില്‍വച്ച് കുത്തേറ്റത്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ഇന്നലെ വൈകിട്ട് ആറു മണിയോടെ പാരിപ്പള്ളി ജംഗ്ഷനിലാണ് സംഭവം. കഞ്ചാവ് കേസടക്കം നിരവധി കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ പാരിപ്പള്ളി അനസിനെ പിടികൂടാന്‍ എത്തിയ കല്ലമ്പലം സ്റ്റേഷനിലെ എസ്ഐ ജയന്, ചന്തു, പോലീസുകാരായ ശ്രീജിത്ത്, വിനോദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ശ്രീജിത്ത്, വിനോദ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ശ്രീജിത്തിന് നട്ടെല്ലിലും വിനോദിന് തോളിലുമാണ് കുത്തേറ്റത്. പ്രതി ഇവിടെ ബാറിലുണ്ടെന്നറിഞ്ഞ് മഫ്തിയില്‍ പോലീസ് സംഘമെത്തുകയായിരുന്നു. ഇറങ്ങിയോടിയ പ്രതിയെ പിന്തുടര്ന്ന് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരെ അനസ് ആക്രമിച്ചത്.
പോലീസിനു നേരെ ബോംബ് എറിഞ്ഞ കേസിലും 28-ാം മൈലില്‍ ക്ലബില്‍ ബോംബ് എറിഞ്ഞ കേസിലും ബാറില്‍ അടിപിടി ഉണ്ടാക്കിയ കേസിലും പ്രതിയാണ് അനസ്. പിന്നീട് കൂടുതല്‍ പോലീസുകാര്‍ എത്തി അനസിനെ കീഴ്പ്പെടുത്തി അറസ്റ്റു ചെയ്തു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.
Discussion about this post