ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ പ്രകോപന പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. വിവാദമായതോടെ പ്രതിഷേധവുമായി യുഡിഎഫ് നേതാക്കളും രംഗത്തെത്തി.
കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ടാകും സുധാകരന്‍ കണ്ണൂരില്‍ ഏതാണ്ട് വെട്ടിക്കയറി ഇങ്ങ് വന്നതാണെന്ന്. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ട് മാത്രമാണെന്നുമാണ് വര്‍ഗീസ് ചെറുതോണിയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ പ്രസംഗിച്ചത്. സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് സുധാകരന്‍ പ്രസംഗിച്ചിരുന്നു. നിഖില്‍ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നുമായിരുന്നു വാദം. ഇതിനുപിന്നാലെ കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചൊവ്വാഴ്ച സംഘടിപ്പിച്ച പ്രതിഷേധ സംഗമംത്തിലാണ് വിവാദ പ്രസംഗം.
ചെറുതോണി പ്രസംഗത്തില്‍ തെറ്റില്ലെന്ന് സി.വി വര്‍ഗീസ് ഇന്നലെ വീണ്ടും വിശദീകരിച്ചു. ധീരജിന്റെ ചോര ഉണങ്ങും മുന്‍പ് കെ. സുധാകരന്‍ പ്രകോപനപരമായി സംസാരിച്ചു. പ്രസംഗം കെ. സുധാകരനുള്ള മറുപടിയാണ്, അതില്‍ പ്രകോപനമില്ലെന്നും സി.വി വര്‍ഗീസ് പറഞ്ഞു. വര്‍ഗീസിന്റെ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം നേതാവ് എം.എം. മണിയും രംഗത്ത് വന്നു.
വര്‍ഗീസിനെതിരെ കേസെടുക്കണമെന്നും കെ. സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു. സി.വി. വര്‍ഗീസ് കവലച്ചട്ടമ്പിയെന്ന് ഡീന്‍ കുര്യാക്കോസ് എംപിയും പറഞ്ഞു. കെ.സുധാകരന്റെ രോമത്തിന്റെ വിലപോലും സി.വി. വര്‍ഗീസിനില്ല. വിവാദപരാമര്‍ശം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.
Discussion about this post