പാലക്കാട്: ആര്‍എസ്എസ് പാലക്കാട് ജില്ലാ മുന്‍ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ആറു പേരെയും തിരിച്ചറിഞ്ഞു. നാലുപേരുടെ പങ്കിനെകുറിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. രണ്ടുപ്രതികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞത്. കൊലയാളികളെത്തിയ ബൈക്കുകളിലൊന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണെന്നാണ് സൂചന. ഫിറോസും ഉമ്മറും സഞ്ചരിച്ച ഈ വാഹനം പട്ടാമ്പി വല്ലപ്പുഴ വഴി കടന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ആക്ടീവയില്‍ ഉണ്ടായിരുന്നത് അബ്ദുള്‍ഖാദറാണെന്നാണ് നിഗമനം. ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.
കൊലയാളികളെത്തിയ ബൈക്കുകളിലൊന്ന് വാങ്ങിയത് ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍റഹ്മാനാണ്. ഇയാളുടെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാലുപേരെ തിരിച്ചറിഞ്ഞത്. അതേസമയം പ്രതികള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് എഡിജിപി വിജയ്‌സാഖറെ പറഞ്ഞു. പ്രതികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചു. എവിടെയുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ഉടന്‍തന്നെ വലയിലാകും. നിലവില്‍ സ്ഥിതിഗതികള്‍ പോലീസ് നിയന്ത്രണത്തിലാണ്. ഗൂഢാലോചന നടത്തിയവരില്‍ ചിലര്‍ കസ്റ്റഡിയില്‍ ഉണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിവാസന്‍റെ കേസുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള 83 എസ്ഡിപിഐക്കാരെ കരുതല്‍ തടങ്കലിലാക്കി. ഇവരില്‍നിന്നും 25ഓളം മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്ത് സൈബര്‍ സെല്ലിന് കൈമാറി. പ്രതികളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചുവരുന്നു. ഇവരെ ചോദ്യം ചെയ്യലിന് ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസിന്റെ ആവശ്യപ്രകാരം ജില്ലയിലെ നിരോധനാജ്ഞ 24 വരെ നീട്ടിയതായി കളക്ടര്‍ അറിയിച്ചു.
Discussion about this post