ആലുവ: അര്‍ത്ഥപൂര്‍ണമായ ആശയസംവാദങ്ങളിലൂടെയാണ് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുക എന്നും അതിനാല്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും പ്രസക്തിയുണ്ടെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. തപസ്യ കലാസാഹിത്യ വേദിയുടെ 46-ാം സംസ്ഥാന വാര്ഷികോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളമനസിനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടും കേരളത്തിന്‍റെ മനഃശാസ്ത്രം അറിഞ്ഞുകൊണ്ടുമായിരിക്കണം ഇവിടെ നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനം. ഇന്ന് മൂന്ന് തരം ആളുകള്‍ സമൂഹത്തിലുണ്ട്. മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ധാര്‍മ്മിക ജീവിതം നയിക്കുന്നവര്‍, മൂല്യങ്ങളെ നിരസിച്ചുകൊണ്ട് അധാര്‍മ്മിക ജീവിതം നയിക്കുന്നവര്‍, മൂല്യങ്ങളെന്തെന്നും ധര്‍മ്മാധര്‍മ്മങ്ങളെന്തെന്നും ഒരു അറിവുമില്ലാതെ ജീവിക്കുന്നവര്‍. ഇവരില്‍ മൂന്നാമത്തെ ഗണത്തില്‍ പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത് വലിയ അപകടമാണ്. എഴുത്തുകാരന്റെ വാക്കിന് ഇന്നും വിലയുണ്ട്. ഇതാണ് ദേശീയപ്രസ്ഥാനങ്ങള്‍ക്കെതിരെ ഇടത് ലിബറല്‍ ചിന്താഗതിക്കാര്‍ എടുത്തുപ്രയോഗിക്കുന്നതെന്നും അത് വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. പൊതുസമൂഹത്തിന് നിരക്കാത്ത ഭാഷയില്‍ സംസാരിക്കുന്നവര്‍ ഒറ്റപ്പെടുന്നത് സ്വാഭാവികമാണെന്ന് സഞ്ജയന്‍ പറഞ്ഞു.
തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ കല്ലറ അജയന്‍ അധ്യക്ഷനായി. പ്രതിനിധി സഭയില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി. ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സി. രജിത്ത്കുമാര്‍ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്‌കാര്‍ ഭാരതി ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ. ലക്ഷ്മീനാരായണന്‍, തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് യു. പി. സന്തോഷ്, സംസ്ഥാന സമിതി അംഗം കെ. സതീഷ്ബാബു, എറണാകുളം ജില്ലാ സംഘടനാസെക്രട്ടറി പി. വി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post