കൊച്ചി: മറവി കൊണ്ടുതീര്‍ത്ത ചിതയില്‍ സ്വാര്‍ത്ഥഭരണകൂടങ്ങള്‍ എരിച്ചുകളഞ്ഞ രണസ്മരണകള്‍ക്ക് അമൃതോത്സവ വേദിയില്‍ പുനര്‍ജനി. ശിവഗംഗയിലെ മഹാറാണി വേലുനാച്ചിയാരും ബ്രിട്ടീഷ് പടപ്പാളയത്തില്‍ നെയ്ത്തിരിയായി എരിഞ്ഞുകത്തി പൊട്ടിത്തെറിച്ച കുയിലിയെന്ന ഉദയാള്‍പുരം പടനായികയും വേദി നിറഞ്ഞ മധ്യാഹ്നത്തില്‍ സദസ്സ് വന്ദേമാതരം മുഴക്കി ആവേശം പങ്കിട്ടു. എറണാകുളം ടൗണ്‍ഹാളില്‍ അമൃതോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നൃത്തനാടകത്തിലാണ് രണശൂരതയുടെ നിറബിംബങ്ങളായി വിഖ്യാത നര്‍ത്തകി ഡോ. ഗായത്രി സുബ്രഹ്മണ്യനും കൂട്ടരും ആവേശത്തിര തീര്‍ത്തത്.
ലോകം കീഴടക്കാന്‍ വെറി പിടിച്ചെത്തിയ അലക്‌സാണ്ടര്‍ക്ക് ഭാരതത്തിന്‍റെ വീര്യമെന്തെന്ന് കാട്ടിക്കൊടുത്ത പുരുഷോത്തമരാജാവ്, വെള്ളക്കാരന്‍റെ ഓര്‍മ്മകളില്‍പ്പോലും ഭയം വിതച്ച ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി, കിത്തൂരിലെ റാണി ചന്നമ്മ, ശിവഗംഗയിലെ മഹാറാണി വേലുനാച്ചിയാരും പടനായിക കുയിലിയും, കേരളസിംഹം പഴശ്ശിരാജ, സ്വരാജ്യാഭിമാനി വേലുത്തമ്പിദളവ, ടിപ്പുവിനെ മുട്ടുകുത്തിച്ച പടനായകന്‍ വൈക്കം പദ്മനാഭപിള്ള….. ഒരു കാലം വേദിയില്‍ പകര്‍ന്നാടുകയായിരുന്നു ഗായത്രി സുബ്രഹ്മണ്യനും സംഘവും.
വീരനായകരെ വാഴ്ത്തി ഹിന്ദിയിലും മലയാളത്തിലും കന്നടയിലും വായ്പാട്ടുകള്‍. പാട്ടൊരുക്കിയതും ഗായത്രിയും ഭര്‍ത്താവ് സുബ്രഹ്മണ്യനും ചേര്‍ന്ന്. ഝാന്‍സിറാണിയായും വേലുനാച്ചിയാരായും ഗായത്രി സുബ്രഹ്മണന്‍ തന്നെ അരങ്ങ് നിറഞ്ഞു. രാജാ പുരുഷോത്തമനായി ജിഷാ കല്ലിങ്കല്‍, റാണി ചന്നമ്മയായി സംഗമിത്ര മനോഹര്‍, കുയിലിയായി വിവിന വിതുര, പഴശ്ശി രാജയായി രുഗ്മിണി, വേലുത്തമ്പിയായി വിനു വിജയന്‍, വൈക്കം പദ്മനാഭപിള്ളയായി സാന്ദ്ര സുരേഷ്, അലക്‌സാണ്ടറുടെയും ടിപ്പുസുല്‍ത്താന്റെയും വേഷത്തില്‍ അശ്വതി, വെള്ളക്കാരായി ലളിത, പാര്‍വതി, നര്‍ത്തകിയായി ശുഭ…. പിന്നണിയില്‍ ശുഭലക്ഷ്മി, അശോക്, രാജലക്ഷ്മി, ശ്രാവണ്‍ശശിധരന്‍, ശ്രീകാന്ത്, വിനോദ്, ഡെറിക് സാമുവല്‍… ഒരു മണിക്കൂര്‍ നീണ്ട നൃത്തശില്പം അവസാനിക്കുമ്പോള്‍ സദസ്സ് പുഷ്പാര്‍ച്ചന കൊണ്ടാണ് ആദരവ് അര്‍പ്പിച്ചത്.
Discussion about this post