തൃശ്ശൂര്‍: മലയാള മണ്ണില്‍ സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടനെന്ന് കുമ്മനം രാജശേഖരന്‍. തപസ്യയും മാടമ്പ് കുഞ്ഞുക്കുട്ടന്‍ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിച്ച അദ്ദേഹത്തിന് സാഹിത്യ ജീവിതമെന്നാല്‍ തപസും സാധനയുമായിരുന്നു. മാടമ്പ് തുടങ്ങിവെച്ച സാമൂഹിക പരിവര്‍ത്തനവും ജനമുന്നേറ്റവും അതിന്‍റെ തുടര്‍ച്ചയായി സമൂഹം ഏറ്റെടുക്കണം.
പ്രഥമ മാടമ്പ് സ്മാരക പുരസ്‌കാരം നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് കുമ്മനം സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാടമ്പിന്‍റെ ജന്മസ്ഥലമായ കിരാലൂരില്‍ നടന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രഫ. പി.ജി ഹരിദാസ് അധ്യക്ഷനായി. തപസ്യ സംസ്ഥാന സെക്രട്ടറി സി.സി സുരേഷ് പ്രശസ്തി പത്രം സമര്‍പ്പിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ മാടമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. ഇപ്പോഴത്തെ ബഹളമെല്ലാം കഴിഞ്ഞാല്‍ മാടമ്പിന്‍റെ വാക്കുകള്‍ക്കായി നാം കാതോര്‍ക്കേണ്ടി വരും. വലിയ ആശയങ്ങള്‍ വായനക്കാരിലെത്തിച്ച അദ്ദേഹം തന്‍റെ രചനകളിലൂടെയാണ് കാലത്തെ അതിജീവിക്കുന്നത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം മാടമ്പ് എഴുതണമെങ്കില്‍ അതില്‍ ദൈവത്തിന്‍റെ ഇടപെടലുണ്ട്, കെ.എസ് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മാടമ്പ് സ്മാരക സമിതി ചെയര്‍പേഴ്‌സണ്‍ രേഷ്മ സുധീഷ്, കണ്‍വീനര്‍ വി.കെ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഗീത സംവിധായകന്‍ വിനോഷ് വേണുഗോപാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാര്‍, തപസ്യ ജില്ലാ പ്രസിഡന്റ് ശ്രീജിത് മൂത്തേടത്ത്, ജനറല്‍ സെക്രട്ടറി ടി.എസ് നീലാംബരന്‍, ട്രഷറര്‍ മുരളി കൊളങ്ങാട്ട്, മാടമ്പിന്‍റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാടമ്പ് സ്മാരക പുരസ്‌കാരമായ ഗുരുവായൂര്‍ കേശവന്‍റെ ശില്പം നിര്‍മ്മിച്ച കിഴക്കൂട്ട് രാമചന്ദ്രന് സുരേഷ്‌ഗോപി ഉപഹാരം നല്‍കി. കിരാലൂര്‍ സ്വദേശികളായ രതീഷ്, ഷിനി എന്നിവര്‍ വരച്ച സുരേഷ്‌ഗോപിയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന് സമ്മാനിച്ചു.
പുരസ്‌കാരത്തുക ആദിവാസി ക്ഷേമത്തിനെന്ന് സുരേഷ് ഗോപി
ശകുനിമാരുടെ കാലമാണിതെന്നും ശകുനിമാരുള്ളതിനാലാണ് സത്യത്തേയും ധര്‍മ്മത്തേയും കര്‍മ്മശുദ്ധിയേയും അന്വേഷിച്ചറിയേണ്ടി വരുന്നതെന്നും സുരേഷ് ഗോപി. പ്രഥമ മാടമ്പ് കുഞ്ഞുക്കുട്ടന്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമകളിലെ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ക്ക് തിരക്കഥാകൃത്തെന്ന നിലയില്‍ മാടമ്പ് പ്രേരകശക്തിയായിട്ടുണ്ട്. മാടമ്പിന്‍റെ പേരുള്ള പ്രഥമ പുരസ്‌കാരം അഭിമാനത്തോടെയാണ് സ്വീകരിക്കുന്നത്. പുരസ്‌കാര തുക തന്‍റെ മകളുടെ പേരിലുള്ള ട്രസ്റ്റ് നടത്തുന്ന ആദിവാസി ക്ഷേമപദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
Discussion about this post