കൊച്ചി: തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിന് കര്‍ശന കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. ഹര്‍ജികളില്‍ ജസ്റ്റിസ് പി. ഗോപിനാഥാണ് വിധി പറഞ്ഞത്. 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമടക്കമുള്ള വ്യവസ്ഥകള്‍ ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലോ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്നു നിര്‍ദ്ദേശമുണ്ട്. ശാസ്ത്രീയ പരിശോധനയടക്കമുള്ള അന്വേഷണ നടപടികളുമായി സഹകരിക്കണം. 72 വയസുള്ള പി.സി ജോര്‍ജിന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതും 33 വര്‍ഷം എം.എല്‍.എയായിരുന്നെന്നതും കോടതി കണക്കിലെടുത്തു. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു. ജാമ്യം അനുവദിച്ചതോടെ പി. സി. ജോര്‍ജ് ഇന്നലെ രാത്രി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായി.
അതേസമയം ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി. സി ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
Discussion about this post