കോഴിക്കോട്: വാക്കിനെ അതിന്റെ പൂര്‍ണ്ണമായ വ്യക്തതയോടെ ഉപയോഗിച്ച വ്യക്തിയാണ് വി.എം. കൊറാത്തെന്ന് മീഡീയ അക്കാദമി ഫാക്കല്‍റ്റി കെ.ജി. ജോതിര്‍ഘോഷ് പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയും തപസ്യ അധ്യക്ഷനും ജന്മഭൂമി മുഖ്യപത്രാധിപരുമായിരുന്ന വി.എം. കൊറാത്തിന്റെ 17-ാം ചരമവാര്‍ഷികദിനത്തില്‍ തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച സ്മൃതിസദസ്സില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വാക്കിന്റെ വില നഷ്ടമായാല്‍ മനുഷ്യന്റെ സത്ത നഷ്ടമായി എന്നാണ്. വ്യക്തതയോടെയുള്ള മാധ്യമ പ്രവര്‍ത്തനം, സത്യത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തനം എന്നിവയോട് കൂറ് പുലര്‍ത്തിയ വ്യക്തിയാണ് കൊറാത്ത്. കലയും ശാസ്ത്രവും തമ്മില്‍ ഉണ്ടാകുന്ന ബന്ധത്തില്‍ വിള്ളല്‍ വീഴുമ്പോഴാണ് സമൂഹത്തില്‍ കൃത്രിമ രഹസ്യങ്ങളും കൃത്രിമ വാര്‍ത്തകളും സൃഷ്ടിച്ച് മാധ്യമങ്ങള്‍ അവരവരുടെ വിപണി കണ്ടെത്തുന്നതെന്നും ജ്യോതിര്‍ഘോഷ് പറഞ്ഞു.
എങ്ങനെയാണ് ഒരു സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകന്‍ ശക്തമായി സാമൂഹ്യരംഗത്ത് നില നില്‍ക്കേണ്ടത് എന്നതിനെ കുറിച്ച് കൊറാത്ത് ശ്രദ്ധാവാനായിരുന്നുവെന്ന് തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സാംസ്‌കാരിക നിര്‍മ്മിതിക്ക് അനുയോജ്യമായ തരത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കേണ്ടതെന്നും എഴുതേണ്ടതെന്നും കൊറാത്ത് പറഞ്ഞിരുന്നു. മൂലധനത്തിന്റെ പിടിയിലായി പോകുന്ന മാധ്യപ്രവര്‍ത്തകര്‍ നമ്മുടെ സ്വപ്നങ്ങളെ തകിടംമറിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
തപസ്യ ജില്ലാ പ്രസിഡന്റ് രജനി സുരേഷ് അധ്യക്ഷയായി. സംസ്ഥാന രക്ഷാധികാരി പി. ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, വര്‍ക്കിങ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ജില്ലാ രക്ഷാധികാരി വത്സന്‍ നെല്ലിക്കോട്, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാര്‍ വെട്ടിയാട്ടില്‍, സെക്രട്ടറി കെ.പി. അഖില്‍ എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയിലെ മുതിര്‍ന്ന 75 മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.
Discussion about this post