കാണ്‍പൂര്‍: കാണ്‍പൂര്‍ അക്രമങ്ങളുടെ സൂത്രധാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം. ഇന്നലെ അറസ്റ്റിലായി ഹയാത് സഫര്‍ ഹഷ്മിയുടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തായി കാണ്‍പൂര്‍ പോലീസ് കമ്മീഷണര്‍ വി.എസ്. മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹയാത് സഫര്‍ ഹഷ്മിയും മൂന്ന് സഹായികളുമടക്കം 24 പേരെയാണ് അറസ്റ്റ് ചെയ്തത്. എണ്ണൂറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം, ഗുണ്ടാ ആക്ട് തുടങ്ങിയ വകുപ്പുകളില് കേസെടുത്തിട്ടുണ്ട്. അക്രമത്തിലെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം അന്വേഷിക്കുമെന്ന് മീണ് പറഞ്ഞു. ഹഷ്മിയും സഹായികളായ ജാവേദ് അഹമ്മദ്ഖാന്‍,, റാഹില്‍ഖാന്‍, മുഹമ്മദ് സഫിയാന്‍ എന്നിവരും ലഖ്‌നൗ ഹസ്രത്ഗഞ്ജിലെ ഒരു യു ട്യൂബ് ചാനലിന്റെ ഓഫീസില്‍ നിന്നാണ് പിടിയിലായത്.
മൗസാന മുഹമ്മദലി ജൗഹര്‍ ഫാന്‍സ് അസോസിയേഷന്റെ പ്രസിഡന്റാണ് ഹയാത് ഹഷ്മി. ഇതിന് മുമ്പും അനുമതിയില്ലാതെ വിദ്വേഷ പ്രകടനങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ഇയാള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സിഎഎ ഭേദഗതിക്കെതിരെ കാണ്‍പൂരില്‍ നടന്ന പ്രകോപനപരമായ പ്രകടനങ്ങള്‍ക്കുപിന്നിലും ഇയാളുണ്ടായിരുന്നു. അക്രമങ്ങള്‍ സൃഷ്ടിച്ചതിന് ശേഷം ഇവര്‍ ഹസ്രത് ഗഞ്ജിലേക്ക് കടക്കുകയായിരുന്നുവെന്ന് മീണ പറഞ്ഞു. ആറ് മൊബൈല്‍ഫോണുകളും വിദ്വേഷ ലഘുലേഖകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ജൂണ്‍ 3ന് മണിപ്പൂരിലും പശ്ചിമബംഗാളിലും പോപ്പുലര്‍ഫ്രണ്ട് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. അതേദിവസം കാണ്‍പൂരിലും ഇവര്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നഗരജീവിതം തടസ്സപ്പെടുത്തിയെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ഹയാത് ഹഷ്മി അടക്കം നാല്പത് പേരുടെ പേരില്‍ മൂന്ന് എഫ്‌ഐആറിട്ടതായി ജെസിപി ആനന്ദ് പ്രകാശ് തിവാരി അറിയിച്ചു.
Discussion about this post