തിരുവനന്തപുരം: സാമൂഹിക, പരിസ്ഥിതി ആഘാതപഠനങ്ങള്‍ നടത്താതെ പദ്ധതി പ്രഖ്യാപിക്കുകയും നടപ്പാക്കുമെന്നും പറയുന്നവര്‍ ഒരേ ഒരു ഭൂമി മാത്രമേയുള്ളൂവെന്ന് തിരിച്ചറിയണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.ആര്‍.വി.ജി.മേനോന്‍. ഇ.സോമനാഥ് ഫ്രറ്റേണിറ്റി നടത്തിയ പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി തീരുമാനിച്ച ശേഷം എന്തു വില കൊടുത്തും നടപ്പാക്കുമെന്ന അഹങ്കാരവുമായിട്ടാണ് ചിലരുടെ പ്രവര്‍ത്തനം. സാമൂഹിക–പരിസ്ഥിതി ആഘാത പഠനങ്ങളിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണു വികസനപദ്ധതികള്‍ നടപ്പാക്കേണ്ടത്. സാങ്കേതിക വിദ്യയുടെ വികാസത്തില്‍ ചിലര്‍ക്ക് അഹങ്കാരം വരും. ഇതു പരിഗണിച്ച് വികസനം നടപ്പാക്കാന്‍ ഒരുങ്ങുന്നത് ശരിയല്ല. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഇതു സുസ്ഥിരമാണോ എന്നതിനെക്കുറിച്ച് ആലോചന വേണം. പുനരാലോചനകളുണ്ടാകുമ്പോള്‍ ചിലര്‍ക്കു നോവും. മുന്‍പു പ്രഖ്യാപിച്ച കാര്യങ്ങള്‍ അപ്പോള്‍ വേണ്ടെന്നു വയ്ക്കണം. പ്രബുദ്ധമായ തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്.
യൂറോപ്യന്‍ സൂപ്പര്‍ സോണിക് വിമാനങ്ങള്‍ ഗതാഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ പാരിസ്ഥിതിക ആഘാതത്തെക്കുരിച്ച് ആലോചനകള്‍ നടത്തിയിരുന്നു. എതിര്‍പ്പുകള്‍ ഉണ്ടായപ്പോള്‍ വേണ്ടെന്നു വച്ചതിനെ മാതൃകയാക്കണമെന്നും ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.
സി.പി. ജോണ്‍ അധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, പി. വേണുഗോപാല്‍, യു. വിക്രമന്‍, സുജിത് നായര്‍, എന്‍.കെ. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
Discussion about this post