കൊച്ചി: ‘വാര്‍ത്താലേഖകരോട് എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. ഈ മന്ദിരം ഉദ്ഘാടനം ചെയ്തിരിക്കുന്നതു ഞാനല്ല. അതു സിബിയാണ്. നിങ്ങളുടെ നാളത്തെ വാര്‍ത്തയില്‍ അങ്ങനെയാണു വരേണ്ടത്.’ കാക്കനാട് സെസിലെ അമൃത് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദമന്ത്രി പിയൂഷ് ഗോയല്‍ ഇങ്ങനെ പ്രഖ്യാപിച്ചപ്പോള്‍ അത് അധികാരം അധ്വാനത്തെ ആദരിക്കുന്നതിനു തിരി തെളിക്കലായി.
നാടകീയമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.
നിലവിളക്കിലെ ആദ്യ തിരി തെളിച്ചശേഷമാണ് അദ്ദേഹം സംഘാടകര്‍ക്കു നേരെ തിരിഞ്ഞ്, ഈ കെട്ടിടം പണിയില്‍ സഹകരിച്ച ആരെങ്കിലും ഇവിടുണ്ടോ? അവരോടു വരാന്‍ പറയൂ.’ ഇത്തരമൊരു നിര്‍ദേശം ഒട്ടും പ്രതീക്ഷിക്കാതിരുന്ന സംഘാടകര്‍ ചുറ്റും നോക്കിയപ്പോള്‍ ദാ, ഒരാള്‍ നില്‍ക്കുന്നു. അയാളെ മന്ത്രി സ്‌റ്റേജിലേക്കു ക്ഷണിച്ചു. പരിചയപ്പെട്ടു. പേര് എം.ഡി. സിബി. ഈ പദ്ധതിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സൈറ്റ് സൂപ്പര്‍ വൈസര്‍ ആയിരുന്നു.’ ഇതിനു തിരികൊളുത്താന്‍ ഏറ്റവും യോജ്യന്‍ താങ്കളാണ്. തിരി കൊളുത്തൂ’ സിബി ആകെ പരിഭ്രമിച്ചു നില്‍ക്കുകയായിരുന്നു. മന്ത്രി നിര്‍ബന്ധിച്ചതോടെ സിബി മടിച്ചുമടിച്ചു തിരിതെളിച്ചു.
ശിലാഫലകം അനാച്ഛാദനം ചെയ്യുന്ന ചടങ്ങായിരുന്നു അടുത്തത്. സിബിയെ മന്ത്രി വീണ്ടും വിളിച്ച് അതിന്റെ നാടയില്‍ പിടിപ്പിച്ചു. ‘നാം ഒരുമിച്ചാണ് ഇതു നിര്‍വഹിക്കാന്‍ പോകുന്നത്’ സിബിയുമായി ചേര്‍ന്നു മന്ത്രി അനാച്ഛാദന കര്‍മം നിര്‍വഹിച്ചു.
Discussion about this post