റായ്പൂര്‍(ഛത്തിസ്ഗഢ്): സ്വദേശി സാമ്പത്തിക മാതൃകയിലൂന്നി സ്വാശ്രയഭാരതത്തിലേക്ക് മുന്നേറാനുള്ള കര്‍മ്മപദ്ധതിയാണ് അഖിലഭാരതീയ സമന്വയ ബൈഠക് മുന്നോട്ടുവയ്ക്കുന്നതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, പരിസ്ഥിതി സൗഹൃദപൂര്‍ണമായ സ്വാവലംബി ഭാരതമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സമന്വയ ബൈഠക്കിന്‍റെ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പങ്കുവയ്ക്കുകയായിരുന്നു സഹസര്‍കാര്യവാഹ്. വികേന്ദ്രീകരണം, വിപണിയുടെ ഗുണഫലങ്ങളുടെ തുല്യവിതരണം, കൃഷിയാധാരിത വ്യവസായം, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളും സമന്വയബൈഠക് ചര്‍ച്ച ചെയ്തു.
അമൃതോത്സവകാലത്ത് സ്വാശ്രയഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഓരോ സംഘടനകളും എങ്ങനെയാണ് മുന്നേറുന്നതെന്ന് യോഗം വിലയിരുത്തി. സ്വദേശി തന്നെയാണ് സ്വരാജ്. ഗ്രാമീണ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിലും ഇന്ത്യന്‍ സാമ്പത്തിക ക്രമത്തിന്‍റെ കയറ്റിറക്കങ്ങള്‍ നിര്‍ണയിക്കുന്നതിന് ഭാരതീയമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിലും ഗ്രാഹക് പഞ്ചായത്ത്, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകള്‍ ശ്രദ്ധ ചെലുത്തുന്നു. ന്യായാലയങ്ങളിലടക്കം ഭാരതീയഭാഷകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. അമൃതോത്സവത്തില്‍ ഭാരതീയ ശൈക്ഷിക് സംഘിന്‍റെ നേതൃത്വത്തില്‍ രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. സംസ്‌കാര്‍ ഭാരതി സാമൂഹിക വന്ദേമാതരഗാനാലാപനം നടത്തി. 87000 കേന്ദ്രങ്ങളില്‍ എബിവിപി തിരംഗ മഹോത്സവം നടത്തി.
രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തില്‍ എല്ലാ മേഖലയിലും, എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ അണിനിരന്നുവെന്ന് ഡോ. വൈദ്യ പറഞ്ഞു. വിവിധതയെ ആഘോഷിക്കുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. ആത്മീയതയാണ് ഇന്ത്യന്‍ ദേശീയതയുടെ ആധാരമെന്നും ആ സ്വത്വത്തിലൂന്നി, രാജ്യത്തിന്‍റെ പരമവൈഭവത്തിലേക്കുള്ള മുന്നേറ്റത്തിന് ഗതിവേഗം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
രാജാവ് എല്ലാ കാര്യങ്ങളും ചെയ്യുന്നതായിരുന്നില്ല ഭാരതത്തിന്‍റെ സംവിധാനമെന്ന് രവീന്ദ്രനാഥ് ടാഗോര്‍ അദ്ദേഹത്തിന്‍റെ സ്വദേശി സമാജില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈന്യം, വിദേശകാര്യം, ഭരണവ്യവസ്ഥ എന്നിവ രാജാവ് നോക്കും, മറ്റുള്ളവ ജനങ്ങളും. കൊവിഡ് കാലത്ത് സമാജത്തിന്‍റെ പങ്കെന്താണെന്ന് നമ്മള്‍ കണ്ടതാണ്. ലക്ഷക്കണക്കിനാളുകള്‍ പുറത്തിറങ്ങി, കൊവിഡിനെതിരെ പൊരുതി. സമാനമായ തരത്തില്‍ സമാജം ഭാരതത്തിന്റെയാകെ പുരോഗതിക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം, മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 36 സംഘടനകളില്‍ നിന്നുള്ള 240 മുതിര്‍ന്ന ഭാരവാഹികളാണ് സമന്വയ ബൈഠക്കില്‍ പങ്കെടുത്തത്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
Discussion about this post