നാഗ്പൂർ: വിവിധത ഏകാത്മകതയുടെ വ്യത്യസ്ത രൂപങ്ങളാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഹിന്ദുത്വമാണ് ഏകാത്മകത . യൂണിറ്റിക്ക് യൂണിഫോമിറ്റി ആവശ്യമില്ല. നാമൊന്ന് എന്ന ഭാവമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ ആർ എസ് എസ് തൃതീയ വർഷ സംഘ ശിഷാ വർഗിന്റെ സമാപന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക് . ഈ സഹസ്രാബ്ദത്തിന്റെ തുടക്കം യൂറോപ്പിന്റെ കുതിപ്പോടെയാണെങ്കിൽ അവസാനം ഭാരതത്തിന്റെ ഉയർച്ചയോടെയാകുമെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞത് അർണോൾഡ് ടോയൻബിയാണ്. ജി 20 അധ്യക്ഷ പദത്തിൽ ഭാരതം അവരോധിക്കപ്പെടുന്നു എന്നത് ചെറിയ കാര്യമല്ല. വീണ്ടും വിശ്വ ഗുരുസ്ഥാനത്തേക്കുള്ള രാജ്യത്തിന്റെ യാത്ര ഏതെങ്കിലും ഒരു സംഘടനയുടെയോ ഭരണകൂടത്തിന്റെയോ മാത്രം ബലത്തിൽ സംഭവിക്കുന്നതല്ല. അതിന് സമാജം സജ്ജമാകണം. വിശ്വം നമുക്ക് കുടുംബമാണ്. ലോകത്തിനാകെ സുഖം പകരുന്ന ദർശനമാണ് ഹിന്ദുത്വം. അത് മതമല്ല, പൂജയല്ല, സർവ ദേവ നമസ്കാരം എന്നതാണ് ഹിന്ദു മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാട്. തുളസി, ഗോവ്, ഭൂമി, നദി തുടങ്ങിയതെല്ലാം ഹിന്ദുവിന് മാതാവാണ്. പ്രകൃതിയുടെ ആകെ സുഖമാണ് ഹിന്ദുത്വം ലക്ഷ്യം വയ്ക്കുന്നത്. അതിൽ ഭേദമില്ല. അത്തരത്തിലുള്ള ഹിന്ദു സമാജത്തെ സംഘടിപ്പിക്കുകയാണ് ആർ എസ് എസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ ജയിക്കാനല്ല, യോജിപ്പിക്കാനാണ് ഇന്ത്യ ശക്തിയാർജിക്കുന്നത്. ബലവാൻ മാത്രം അതിജീവിക്കുന്നു എന്നത് ഇന്ത്യയുടെ കാഴ്ചപ്പാടല്ല. ജനിച്ചവരെല്ലാം അതിജീവിക്കണം. ബലവാൻ ദുർബലനെ ഒപ്പം നിർത്തി ബലവാനാക്കണം. ശീലവും സ്നേഹവും സമന്വയിക്കുന്ന ശക്തിയിലൂടെ നമുക്ക് രാഷ്ട്രത്തെ വിശ്വ ഗുരുവാക്കാനാകും. ടാലന്റിനും ടെക്നോളജിക്കുമപ്പുറം എന്റെ നാട് എന്ന ആത്മീയ ഭാവനയാണ് രാജ്യത്തെ വളർത്തുന്നത്. എല്ലാറ്റിനുമുപരി രാഷ്ട്രം എന്ന ഭാവം വളരണം , ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
കാശി മഹാ പീഠമഠാധിപതി ശ്രീ മല്ലികാർജുന ശിവാചാര്യ മഹാസ്വാമികൾ അധ്യക്ഷത വഹിച്ചു. ദേശത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള പ്രേരണയാണ് എല്ലാവരിലും ഉണരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വർഗ് സർവാധികാരി ദക്ഷിണാമൂർത്തി നാഗ്പൂർ സംഘചാലക് രാജേഷ് ലോയ പങ്കെടുത്തു.
Discussion about this post