ഗുവാഹത്തി: രാഷ്ട്രമാകണം ഓരോ പൗരന്‍റെയും പ്രാഥമിക പരിഗണനയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എല്ലാ ഭിന്നതകള്‍ക്കുമപ്പുറം രാജ്യസേവനത്തിനു വേണ്ടി അവിശ്രമം പ്രയത്‌നിക്കുമെന്ന ഭാവം സമാജത്തിലാകെ ഉണ്ടാകണം. രാജ്യത്തിനു വേണ്ടി എന്തു ചെയ്യാനും പ്രതിജ്ഞാബദ്ധരായി സമൂഹം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തര ആസാമിലെ ചന്ദ്രപൂര്‍ വിദ്യാഭാരതി സ്‌കൂളില്‍ മൂന്ന് ദിവസമായി തുടര്‍ന്നുവരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രേരണാശിബിരത്തിന്‍റെ സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് ദൗത്യത്തിന്‍റെയും വിജയകരമായ പൂര്‍ത്തീകരണത്തിന് ഒരുമിച്ചുള്ള പരിശ്രമമല്ലാതെ മറ്റ് വഴികളില്ല. രാജ്യത്തിന് വേണ്ടി എല്ലാം സമര്‍പ്പിക്കാനുള്ള മനുഷ്യശേഷിയുടെ വികസനത്തിനുവേണ്ടിയാണ് ഡോ. ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ് സ്ഥാപിച്ചത്. ഇടവേളകളില്ലാത്ത ആ പരിശ്രമം നൂറ് വര്‍ഷം പിന്നിടാന്‍ പോകുന്നു. ഇപ്പോള്‍ ആറാമത്തെ തലമുറയാണ് രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നതിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്. സമാജത്തെ ശക്തിശാലിയാക്കി യാഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനമാണത്. ദുര്‍ബലമായ സമാജത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്‍റെ ഫലമാസ്വദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും ആര്‍എസ്എസ് ശാഖകളുണ്ടാകണം. അതുവഴി സമാജത്തെ രാഷ്ട്രാനുകൂലമാക്കി ശക്തിപ്പെടുത്താന്‍ കഴിയും. ദേശീയമായ പാരമ്പര്യത്തിലും അഭിമാനത്തിലുമൂന്നി രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സമാജത്തെ സജ്ജമാക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post