ഭോപാല്‍: സ്വാതന്ത്ര്യത്തിന്‍റെ സാഫല്യത്തിന് ഭരണസംവിധാനവും ഭാരതീയമാകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കൊളോണിയല്‍ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങളില്‍ രാജ്യം പൂര്‍ണമായും മോചിക്കപ്പെടണം. മികച്ച ഇന്ത്യയിലേക്ക് കുതിക്കാന്‍ ദേശീയതയിലൂന്നി ഉണരുന്ന സമാജനിര്‍മ്മിതി സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാര്‍ സന്‍സ്ഥാന്‍ ട്രസ്റ്റ് ഭോപാലില്‍ സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1947ല്‍ സ്വാതന്ത്ര്യലബ്ധിയോടെ രൂപംകൊണ്ട രാജ്യമല്ല ഇന്ത്യ. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇത് ഇവിടെയുണ്ട്. ലോകത്തിന് സാംസ്‌കാരിക ജീവിതശൈലി പഠിപ്പിച്ച രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും പുരാതനമായ രാജ്യമെന്ന നിലയില്‍ പിന്നീട് വന്നവര്‍ക്ക് വഴികാട്ടി, വാത്സല്യവും അനുകമ്പയും പകരുക എന്നത് ഇന്ത്യയുടെ ദൗത്യവും കടമയുമാണ്.
രണ്ടായിരം വര്‍ഷമായി ഒരു സൈനികനെപ്പോലും അയയ്ക്കാതെ തങ്ങളുടെ ജീവിതത്തില്‍ ഇന്ത്യ ആധിപത്യം നേടിയെന്ന് പറഞ്ഞത് ചൈനീസ് അംബാസഡറും പണ്ഡിതനുമായ ഹു സി ആണ്. ഇന്ത്യ ഇത് ചെയ്തത് രാഷ്ട്രീയമായല്ല, ആത്മീയമായാണ്
1947 ഓഗസ്റ്റ് 15 ന് നമുക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് വിശ്വസിക്കുന്നു, എന്നാല്‍ അതിനു ശേഷം ഈ രാജ്യം വികസിച്ചത് തനിമയുടെ അടിസ്ഥാനത്തിലാണോ? അക്കാലത്ത് മഹാത്മാഗാന്ധി, ഗോപാല്‍ കൃഷ്ണ ഗോഖലെ, വീര്‍ സവര്‍ക്കര്‍ തുടങ്ങിയ വ്യക്തികള്‍ സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് മുന്നോട്ടുവച്ച ആശയങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടില്ല. അതുകൊണ്ടാണ് സ്വതന്ത്രമായ ശേഷവും നമ്മള്‍ മാനസികമായി അടിമത്തത്തില്‍ തുടര്‍ന്നത്. ‘ഹിന്ദ് സ്വരാജ്’ ചര്‍ച്ച ചെയ്യണമെന്ന് മഹാത്മാഗാന്ധി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് കത്തെഴുതി. എന്നാല്‍ ആ ചര്‍ച്ച അപ്രസക്തമാണെന്ന് പറഞ്ഞ് നെഹ്റു തള്ളിക്കളഞ്ഞു.
കൊളോണിയലിസത്തില്‍ നിന്ന് നമ്മള്‍ മാറുന്നതിന്‍റെ ലക്ഷണങ്ങള്‍ അടുത്തിടെയായി കാണുന്നു എന്നത് ശുഭകരമാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്തുകളില്‍ ദേശീയ കലണ്ടറിന്‍റെ തീയതിയുണ്ട്, രാജ്പഥ് ഇപ്പോള്‍ കര്‍ത്തവ്യപഥ് ആയിരിക്കുന്നു, ജോര്‍ജ്ജ് അഞ്ചാമനായി സ്ഥാപിച്ച പീഠത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് അവരോധിക്കപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയവും ഈ ദിശയിലുള്ള ശ്രമമാണ്. രാജ്യം പുരോഗതിയിലേക്കുള്ള വഴിത്തിരിവിലാണ്. ദാര്‍ശനികരുടെയും ആചാര്യന്മാരുടെയും മാര്‍ഗദര്‍ശനങ്ങളെ സമകാലികമായി അവതരിപ്പിക്കാന്‍ എഴുത്തുകാരും ചിന്തകരും സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു.
സിബിഐ മുന്‍ ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ല, ട്രസ്റ്റ് ചെയര്‍മാന്‍ സതീഷ് പിംപ്ലിക്കര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post