ഗുവാഹാട്ടി: ഭാരതം എന്നത് നമ്മുടെ രാഷ്ട്രത്തിന്റെയും സംസ്കാരത്തിന്റെയും പേരാണെന്നും ഭാരതീയർ ഇന്ത്യ എന്നത് ഉപേക്ഷിച്ച് ഭാരതം എന്ന് പറയാൻ ശീലിക്കണമെന്നും ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഗുവാഹത്തിയിലെ ഭഗവാൻ മഹാവീർ ധർമശാലയിൽ ജൈന സമാജം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇംഗ്ലീഷ് സംസാരിക്കുന്നവരോട് ഇടപെടുമ്പോൾ ആരും സ്വന്തം പേര് ഇംഗ്ലീഷ് വൽക്കരിക്കാറില്ല. ഉദാഹരണത്തിന്, ഗോപാൽ എന്ന പേര് ഇംഗ്ലീഷിലും ഗോപാൽ തന്നെയാണ്. ഭാരതം എന്നത് നമ്മുടെ രാഷ്ട്രത്തിന്റെ പേരാണ് , സർസംഘചാലക് ചൂണ്ടിക്കാട്ടി.
രാജ്യത്ത് നിരവധി നഗരങ്ങളുണ്ട്, അവയ്ക്ക് കാലങ്ങളായി പേരുകളും ഉണ്ട്. അതുപോലെ, വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരോട് സംസാരിക്കുമ്പോൾ നമ്മൾ ഇന്ത്യ എന്ന് പറയേണ്ടതില്ല. നമ്മൾ ഭാരതം ഉപയോഗിക്കണം.നമ്മൾ എവിടെ പോയാലും ഭാരതം എന്ന് മാത്രമേ പറയേണ്ടതുള്ളൂ , മോഹൻ ഭാഗവത് പറഞ്ഞു.
ഭാരതമെന്ന പേര് എല്ലാവരിലും ആദരവ് ഉണർത്തും. കേൾക്കുന്നവരിൽ അത് നമ്മുടെ പാരമ്പര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഭവ്യമായ ഭാവന ഉണർത്തും. ഇനി ആരെങ്കിലും മനസ്സിലാക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. അത്തരം വ്യക്തികളെ മനസിലാക്കിയാൽ മതി. അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കേണ്ടതില്ല, അദ്ദേഹം പറഞ്ഞു.
ഭാരതം സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രകാശം നിറഞ്ഞ നാടാണ്. ലോകം ഭാരതത്തെ ആവേശത്തോടെ സ്വീകരിക്കുന്നു. ലോകത്തിന് നമ്മളെ ആവശ്യമുണ്ട്, ആർക്കും അവഗണിക്കാനാവാത്ത കരുത്തായി ഭാരതം മാറിയിരിക്കുന്നു. എല്ലാവരേയും ഒരുമിച്ച് ചേർത്തു കൊണ്ടുപോകാൻ ആത്മീയതയിലൂന്നിയ നമ്മുടെ സംസ്കാരത്തിന് കഴിയും. ലോകത്തെ മുഴുവൻ ഒന്നായി കാണുന്ന, ഒരു കുടുംബമായി കാണുന്ന സംസ്കാരമാണിത്. പരസ്പരം സ്വന്തമെന്ന് കരുതി , ചേർത്തുപിടിച്ച് ഒന്നായി മുന്നേറാൻ നമുക്ക് കഴിയും. ഇതാണ് ഭാരതം ലോകത്തിന് നല്കുന്ന അറിവ് . ലോകത്തിന് മുഴുവൻ പാരസ്പര്യത്തിന്റെ ഈ അറിവ് ആവശ്യമാണ്, സർസംഘചാലക് കൂട്ടിച്ചേർത്തു.
“എല്ലാവരും ഒരുപോലെ ആഗ്രഹിക്കുമ്പോഴാണ് മാറ്റം സാധ്യമാവുക. അതിനായി പരിശ്രമിക്കാനും സമർപ്പിക്കാനും സമാജം ഒരു പോലെ തയാറാകണം.
നമ്മൾ പല ഭാഷകൾ പഠിച്ചേക്കും, പക്ഷേ മാതൃഭാഷ മറക്കില്ല. നമ്മുടെ കുടുംബങ്ങളിൽ കുട്ടികൾക്ക് മാതൃഭാഷയിൽ അക്കങ്ങൾ പറയാനും എഴുതാനും അറിയുമോ ? നമ്മുടെ കുട്ടികൾ എല്ലാ ഭാഷകളും പഠിക്കട്ടെ. എന്നാൽ വീട്ടിൽ അവർ മാതൃഭാഷ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം , സർസംഘചാലക് പറഞ്ഞു.
Discussion about this post