കോഴിക്കോട്: സമ്മര്‍ദമല്ല, സ്‌നേഹമാണ് ആര്‍എസ്എസിന്റെ രീതിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്ട്രക്ഷേമം നടപ്പാക്കാനാകില്ല. അതിന് വ്യക്തിനിര്‍മ്മാണമാണ് വേണ്ടത്. ആര്‍എസ്എസ് ചെയ്യുന്നത് ഈ പ്രവര്‍ത്തനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേസരി വാരികയുടെ അമൃതശതം പ്രഭാഷണ പരമ്പരയില്‍ ‘ആര്‍എസ്എസിന്റെ സംഘടനാ രീതിശാസ്ത്രം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തിന്റെ പൂര്‍ണതയ്ക്ക് കലയും വേണം. എല്ലാ കലയയ്ക്കും ശാസ്ത്രം വേണം. അവ എല്ലാവര്‍ക്കും നേട്ടമുണ്ടാക്കണം, അപ്പോഴാണ് സത്യം, ശിവം, സുന്ദരമാകുന്നത്.ലോകരാജ്യങ്ങള്‍ക്ക് ധര്‍മ്മ, അര്‍ത്ഥ, കാമ, മോക്ഷങ്ങള്‍ പരസ്പര ബന്ധിതമാണെന്ന ധാരണപോലും ലോകരാജ്യങ്ങള്‍ക്കില്ല. എന്നാല്‍ 4000 വര്‍ഷത്തിലേറെ മുമ്പുള്ള ഡിഎന്‍എയില്‍ ഭാരത സംസ്‌കൃതിക്ക് അതുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതാണ് ഇന്നത്തെ ലോകത്തിന് വേണ്ടത്. വൈവിധ്യങ്ങള്‍ക്കെല്ലാം ഉപരിയായി നമുക്ക് അനാദിയായ ആ സംസ്‌കൃതിയുണ്ട്. അതുതന്നെയാണ് ഹിന്ദുത്വം. ആര്‍എസ്എസ് ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ കാരണം ഭാരതത്തിലുള്ളവരെല്ലാം സംസ്‌കൃതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളായതിനാലാണെന്ന് സര്‍സംഘചാലക് പറഞ്ഞു.
ജി 20 യില്‍ ‘വസുധൈവ കുടുംബകം’ എന്ന് കേട്ടപ്പോള്‍ ആഗോള കമ്പോളം എന്നല്ലാതെ ആഗോള കുടുംബം എന്ന് കേട്ടിട്ടില്ലാത്ത വിദേശ രാജ്യങ്ങള്‍ ആവേശത്തോടെയാണ് ഉള്‍ക്കൊണ്ടത്. അത് ലോകത്തിന് നല്‍കാന്‍ ഭാരതം നിലനില്‍ക്കണം. അതാണ് ഹിന്ദുത്വത്തിന്റെ ദൗത്യം.
ഒന്നിന്റെയും തലപ്പത്തില്ല, ഒന്നും നിയന്ത്രിക്കുന്നില്ല. നല്ല വ്യക്തിത്വത്തിനായി പരിശീലിപ്പിക്കുന്നു. അവര്‍ രാഷ്ട്രത്തിനും മാനവികതയ്ക്കും നന്മചെയ്യുന്നു. ആരു നയിച്ചാലും സംഘടന തുടരും. സംഘടന സംഘടനയ്ക്കുവേണ്ടിയാകരുത്, നല്ല ലോകത്തിന് വേണ്ടിയാകണം. ‘രാഷ്ട്രഭക്തിയുടെ പേര് ആര്‍എസ്എസ്’ എന്നൊരു മുദ്രാവാക്യമുണ്ടായിരുന്നു. സര്‍സംഘചാലകായിരിക്കെ രജ്ജുഭയ്യ അത് വിലക്കി. രാഷ്ട്രഭക്തി സകലരുടേതുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
മറ്റുള്ളവര്‍ക്ക് മാതൃകയായി മാറാന്‍ ഓരോരുത്തര്‍ക്കും കഴിയണം. സ്‌നേഹമാണ്, സമ്മര്‍ദ്ദമല്ല സംഘത്തിന്റെ രീതി. ധാരാളം നക്ഷത്രങ്ങള്‍ രാത്രിയില്‍കാണാം. പക്ഷേ പകല്‍ കാണുന്ന ഒരേയൊരു സൂര്യന്‍ നല്‍കുന്ന പ്രകാശം അതിനില്ല. കാരണം, സൂര്യന്‍ ഭൂമിയോട് അത്ര അടുത്താണ്. അങ്ങനെ ഓരോ പ്രവര്‍ത്തകരോടും അടുത്തുനില്‍ക്കുന്നതാണ് സ്‌നേഹത്തിലൂന്നിയ പ്രവര്‍ത്തനരീതിയെന്ന് അദ്ദേഹം പറഞ്ഞു. ഡോ.ജോണ്‍ ജോസഫ് ഐആര്‍എസ് (റിട്ട) അധ്യക്ഷനായി. അമൃതശതം നിര്‍വാഹക സമിതി അധ്യക്ഷന്‍ പി.എന്‍. ദേവദാസ് ഐആര്‍എസ് (റിട്ട) പങ്കെടുത്തു. കേസരി ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.പി.കെ. ശ്രീകുമാര്‍ സര്‍സംഘചാലകന് കേസരിയുടെ ഉപഹാരം നല്‍കി. കേസരി പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡോ. ജോണ്‍ ജോസഫിന് രശീതി നല്‍കി ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു സ്വാഗതവും അഡ്വ.പി.കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post