വഡോദര(ഗുജറാത്ത്): ജാതിയുടെ പേരിലുള്ള എല്ലാ വിവേചനവും പൂർണമായും തുടച്ചുനീക്കണമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഏത് ക്ഷേത്രത്തിലും കടന്ന് പ്രാർത്ഥിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഏത് ജലാശയത്തിൽ നിന്നും വെള്ളമെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്. മണ്ണും വെള്ളവും വായുവും പ്രകൃതിയും എല്ലാവർക്കും ഒരു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. വഡോദരയിൽ ആർഎസ്എസ് പ്രവർത്തകരുടെ ബസ്തി സംഗമത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു സർകാര്യവാഹ്.
വിജയത്തിലും പ്രതിസന്ധിയിലും ആരും ജാതി തെരയാറില്ല. ഏഷ്യൻ ഗെയിംസിന്റെ രാജ്യത്തിന്റെ അഭിമാനമുയർത്തിയവരുടെ ജാതി ചോദിക്കാറില്ലല്ലോ. ചന്ദ്രയാൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ ജാതിയും ആരും അന്വേഷിച്ചിട്ടില്ല. കൊവിഡ് കാലത്ത് ജാതി തിരിഞ്ഞല്ല സമൂഹം അതിനെതിരെ പൊരുതിയത്. പിന്നെന്തിനാണ് സമാജ ജിവിതത്തിന്റെ മറ്റ് മേഖലകളിൽ ജാതിയെപ്പറ്റി ചോദ്യം ഉയരുന്നതെന്ന് സർകാര്യവാഹ് ചോദിച്ചു.
ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയുടെയും പേരിലുള്ള ഒരു വിവേചനവും വച്ചുപൊറുപ്പിക്കാനാകില്ല. ആർഎസ്എസ് പ്രവർത്തകർ പെരുമാറ്റത്തിലും ജീവിതത്തിലും ജാതിഭേദത്തെ അതിജീവിച്ചവരാണ്. ഒരുമിച്ചുചേരുക എന്നതാണ് സംഘപ്രവർത്തനം. അവിടെ ഭിന്നതയ്ക്ക് ഇടമില്ല. ഭിന്നത അത് ആർഎസ്എസിന്റെ രക്തത്തിലേ ഇല്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
സനാതനധർമ്മത്തെ നശിപ്പിക്കുമെന്ന് ചിലർ വെല്ലുവിളിക്കുന്നു. ജാതി വിവേചനമാണ് സനാതന ധർമ്മമെന്ന് അവർ പ്രചരിപ്പിക്കുന്നു. ഹിന്ദുത്വമാണ് ദേശീയത എന്ന് ആർഎസ്എസ് പറയുന്നതുകൊണ്ട് സംഘത്തെ വർഗീയമെന്ന് അത്തരക്കാർ അധിക്ഷേപിക്കുന്നു. എന്നാൽ സനാതനധർമ്മം എതിർക്കുന്നവരുടെ ഉള്ളിലുമുറങ്ങിക്കിടക്കുന്ന നമ്മുടെ രാഷ്ട്ര ജീവിതമാണ്. ആർഎസ്എസ് അതിനെ ഉണർത്താനാണ് പരിശ്രമിക്കുന്നത്.
സനാതന ധർമ്മം ആരാധനയോ ഭക്തിമാർഗമോ പൂജാസമ്പ്രദായമോ മാത്രമല്ല. എല്ലാവരിലും ഈശ്വരനുണ്ടെന്ന വിശാലമായ ജീവിതദർശനമാണത്. അതിൽ ഏതെങ്കിലും തരത്തിലുള്ള ഭേദഭാവമില്ല. വസുധൈവ കുടുംബകം എന്നതാണ് അതിന്റെ ദർശനം. ഇസ്രയേലിലെ യഹൂദജനതയ്ക്ക് ഈ നാടാണ് ആതിഥ്യം നല്കി. ഇറാനിൽ നിന്ന് പലായനം ചെയവർക്ക്, പാഴ്സികൾക്ക് ഇൗ നാടാണ് അഭയം നല്കിയത്. ദലായ്ലാമയ്യും അനുയായികളും ഇവിടെയാണ് സ്വാതന്ത്ര്യം തേടിയെത്തിയത്. അഭയം തേടിയെത്തിയവരെയെല്ലാം സ്വീകരിച്ചതാണ് ഈ സംസ്കാരം. സനാതനധർമ്മത്തിന്റെ സവിശേഷതയാണത്, സർകാര്യവാഹ് പറഞ്ഞു.
Discussion about this post