ജിന്ദ്(ഹരിയാന): അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണവും പ്രാണപ്രതിഷ്ഠയും മുന്നേറ്റത്തിലെ അവസാന അദ്ധ്യായമല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്ര പുരോഗതിയുടെ സംക്രമമുഹൂര്‍ത്തമാണിത്. സമാജത്തെയാകെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് വേഗം കൂട്ടണം. ഭാരതം അതിന്റെ വിരാടസ്വരൂപത്തില്‍ ഉണരുമ്പോള്‍ ലോകത്തിലെ സമസ്ത തിന്മകളെയും ഇല്ലാതാകും. ഭാരതം വിശ്വഗുരുവാകും, പ്രപഞ്ചത്തിന് സമാധാനത്തിന്റെയും സമൃദ്ധിയുടെയും ജീവിതം പകരും, അദ്ദേഹം പറഞ്ഞു. ഭിവാനി ഗോപാല്‍ വിദ്യാ മന്ദിറില്‍ ആര്‍എസ്എസ് ജിന്ദ് നഗര്‍ മകരസംക്രമമഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഭാരതം ലോകനേതൃത്വത്തിലെത്തുന്നതിലൂടെ എല്ലാ രാജ്യങ്ങളുടെയും പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരമാകും. അതേസമയം എല്ലാവര്‍ക്കും അവരവരുടെ പാരമ്പര്യത്തിനും സംസ്‌കാകത്തിനും അനുസരിച്ച് സ്വതന്ത്രമായ രാഷ്ട്രജീവിതം നയിക്കാനാവും. അധിനിവേശം ഹിന്ദുസമൂഹത്തിന്റെ സ്വഭാവമല്ല. സര്‍വാശ്ലേഷിയാണത്. അതിന്റെ അടിസ്ഥാനത്തില്‍ ആദര്‍ശലോകം സൃഷ്ടിക്കേണ്ടതുണ്ട്. രാമക്ഷേത്രം ആ ആദര്‍ശലോകത്തിലേക്കുള്ള ചുവടുവയ്പാണ്. ഈ മുഹൂര്‍ത്തം നമ്മള്‍ ആഹ്ലാദപൂര്‍വം കൊണ്ടാടണം, എന്നാല്‍ ഇനിയും ഏറെ ദൂരമുണ്ടെന്ന് ഓര്‍മ്മ വേണം, മോഹന്‍ ഭാഗവത് പറഞ്ഞു.
നാം തുടരുന്ന സാധന അതിന് വേണ്ടിയാണ്. ലക്ഷ്യത്തിലേക്ക് എത്തിയേ പറ്റൂ. അതിന് ഭാവിയിലും ഈ തപസ് തുടരണം. ക്രാന്തി(വിപ്ലവം), ഉത്ക്രാന്തി(പരിണാമം), സംക്രാന്തി എന്നിങ്ങനെ മൂന്ന് വാക്കുകള്‍ നമ്മുടെ സമൂഹത്തില്‍ ഉപയോഗിക്കാറുണ്ട്. മൂന്നിനും മാറ്റം എന്നാണ് അര്‍ത്ഥം. ഓരോ മാറ്റത്തിന്റെയും രീതിയില്‍ വ്യത്യാസമുണ്ടെന്ന് മാത്രം. പുരാതന കാലം മുതലേ സംക്രാന്തി നാട്ടില്‍ പ്രചാരത്തിലുണ്ട്. സത്യത്തിന്റെ ആധാരത്തില്‍ തുടര്‍ച്ചയായി നടത്തുന്ന പ്രവര്‍ത്തനത്തിലൂടെയുള്ള മാറ്റമാണത്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ജി ഈ നിശ്ചയദാര്‍ഢ്യമാണ് മുന്നോട്ടുവച്ചത്. ആയിരക്കണക്കിന് സ്വയംസേവകര്‍ ഈ സാധന തുടരാന്‍ തയാറായി. പെരുമാറ്റം കൊണ്ടും ജീവിതശുദ്ധി കൊണ്ടും ഡോക്ടര്‍ജി അവര്‍ക്ക് മാതൃകയായി. എതിരാളികളും അദ്ദേഹത്തെ ബഹുമാനിച്ചു. അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ താന്‍ നിശ്ചയിച്ച ലക്ഷ്യത്തെക്കുറിച്ച് പൂര്‍ണ്ണമായി ഉറപ്പിച്ച് അതിലേക്ക് അദ്ദേഹം നടന്നു. ആദ്യം ഒറ്റയ്ക്ക്, പിന്നെ സംഘമായി, സമാജമായി… സുദീര്‍ഘമായ ഈ തപസിലൂടെ നാടിന്റെ ജീവിതത്തില്‍ വരാനിരിക്കുന്ന മാറ്റത്തിന്റെ തുടക്കമാണ് ശ്രീരാമക്ഷേത്രം. സംക്രാന്തിക്ക് ശേഷം നല്ല മാറ്റങ്ങള്‍ വരും. തണുപ്പ് കുറയും. ആളുകള്‍ക്ക് അദ്ധ്വാനിക്കാന്‍ ഏറെ സമയം ലഭിക്കും. അതുപോലെ നാടിന്റെ ജീവിതത്തിലും നല്ല മാറ്റങ്ങള്‍ വരാന്‍ പോകുന്നു. ലോകം നമ്മളെ നോക്കി പഠിക്കുന്ന കാലമാണിനി വരുന്നത്. ഈ മാറ്റത്തിലേക്കാണ് ഹിന്ദുസമൂഹം ശ്രീരാമജന്മഭൂമി വിമോചനപ്രസ്ഥാനത്തെ നയിച്ചത്. അടിമത്തത്തിന്റെ പ്രതീകം അവിടെ തകര്‍ന്നുവീണു. അത് മാത്രമാണ് അയോദ്ധ്യയില്‍ സംഭവിച്ചത്. അല്ലാതെ ഒരു പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കര്‍സേവകര്‍ കലാപം നടത്തിയിട്ടില്ല. ഹിന്ദുവിന്റെ ചിന്തകള്‍ എതിര്‍പ്പിന്റേതല്ല, സ്‌നേഹത്തിന്റെതാണ്. ഇതിനെയാണ് സംക്രാന്തി എന്ന് വിളിക്കുന്നത്, മോഹന്‍ ഭാഗവത് പറഞ്ഞു.
ക്ഷേത്ര സംഘചാലക് സീതാറാം വ്യാസ്, പ്രാന്ത സംഘചാലക് പവന്‍ ജിന്‍ഡാല്‍, സ്വാമി വിക്രം ഗിരി എന്നിവരും പങ്കെടുത്തു
Discussion about this post