ഈ വര്‍ഷം, സിഖ് പാരമ്പര്യത്തിലെ ഒമ്പതാമത്തെ ഗുരുവായ ശ്രീ ഗുരു തേഗ് ബഹദൂര്‍ ജിയുടെ പ്രേരണാദായകമായ ബലിദാനത്തിന്റെ 350-ാം വാര്‍ഷികമാണ്. അദ്ദേഹത്തോടുള്ള ആദരവ് പ്രകടമാക്കി വിവിധ ധാര്‍മ്മിക-സാമൂഹിക സംഘടനകള്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു.ഗുരു തേഗ് ബഹദൂറിന്റെ പോരാട്ടകാലത്ത്, ഭാരതത്തിന്റെ ഭൂരിഭാഗവും വിദേശ ഭരണാധികാരി ഔറംഗസേബിന്റെ ക്രൂരമായ അതിക്രമങ്ങള്‍ അനുഭവിക്കുകയായിരുന്നു. പുരാതനവും ആഴത്തില്‍ വേരൂന്നിയതുമായ ധാര്‍മ്മിക സംസ്‌കൃതിയെയും വിശ്വാസങ്ങളെയും നശിപ്പിക്കുന്നതിനായി ഭാരതത്തിലുടനീളം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ആ കാലയളവില്‍, പണ്ഡിറ്റ് കൃപറാം ദത്തിന്റെ നേതൃത്വത്തില്‍ കശ്മീര്‍ താഴ്വരയിലെ പ്രമുഖര്‍ ഒത്തുകൂടി. അവര്‍ മാര്‍ഗനിര്‍ദേശത്തിനായി ശ്രീ ഗുരു തേഗ് ബഹദൂര്‍ ജിയെ സമീപിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഗുരു, ഔറംഗസേബിന്റെ ക്രൂരമായ ഭരണത്തെ വെല്ലുവിളിച്ച് സമൂഹത്തെ ബോധവത്കരിക്കാനും അവരുടെ ദൃഢനിശ്ചയമുണര്‍ത്താനും സ്വയം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. മതഭ്രാന്തരായ ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇസ്ലാമിലേക്ക് മാറുക, അല്ലെങ്കില്‍ വധശിക്ഷ സ്വീകരിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. മര്‍ദ്ദക ഭരണകൂടത്തിന് മുന്നില്‍ വഴങ്ങുന്നതിനുപകരം, ഗുരു തേഗ് ബഹദൂര്‍ ആത്മത്യാഗത്തിന്റെ പാത തെരഞ്ഞെടുത്തു. ഗുരു തേഗ് ബഹദൂറിന്റെ ദൃഢനിശ്ചയത്തെയും ആത്മവിശ്വാസത്തെയും തകര്‍ക്കാനുള്ള ശ്രമത്തില്‍, മുഗള്‍ സാമ്രാജ്യം അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഭായ് ദയാലയെ തിളപ്പിച്ച എണ്ണയില്‍ മുക്കിയും, ഭായ് സതിദാസിനെ പഞ്ഞിയില്‍ പൊതിഞ്ഞ് ജീവനോടെ കത്തിച്ചും ഭായ് മതിദാസിനെ വെട്ടിമുറിച്ചും ക്രൂരമായി കൊലപ്പെടുത്തി.തുടര്‍ന്ന്, സംവത് 1732 (എ.ഡി. 1675) മാര്‍ഗശീര്‍ഷ ശുക്ലപക്ഷ പഞ്ചമിയില്‍, ശ്രീ തേഗ് ബഹദൂര്‍ ദല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ ധര്‍മ്മരക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ചു. അദ്ദേഹം ദിവ്യപ്രകാശത്തില്‍ ലയിച്ചു. ആ ബലിദാനം ധര്‍മ്മസംരക്ഷണത്തിനായുള്ള സമ്പൂര്‍ണ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു, മുഗള്‍ ഭരണത്തിന്റെ അടിത്തറ ഇളക്കി. സമൂഹത്തില്‍ ധാര്‍മികവിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഉറച്ചുപോയ ധാരണകളില്‍നിന്നും തിന്മകളില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിനും സാമൂഹിക ക്ഷേമത്തിനും വേണ്ടി സമര്‍പ്പിച്ചതായിരുന്നു ശ്രീ ഗുരു തേഗ് ബഹദൂറിന്റെ ജീവിതം. മെച്ചപ്പെട്ട ജീവിതത്തിനായി സന്തോഷവും ദുഃഖവും, സ്തുതിയും നിന്ദയും, ബഹുമാനവും അപമാനവും, ലോഭവും മോഹവും കാമവും കോപവും ഇല്ലാത്ത ഒരു ജീവിതം അദ്ദേഹം ഉപദേശിച്ചു. മുഗളന്മാരുടെ ക്രൂരതകളാല്‍ ഭീതിയിലായ ഒരു സമൂഹത്തില്‍, ‘ഭയ് കഹു കോ ദേത് നാഹി, ന ഭയ് മാനത ആനി’ (ആരെയും ഭയപ്പെടുത്തരുത്, ആരെയും ഭയപ്പെടരുത്) എന്ന അദ്ദേഹത്തിന്റെ സന്ദേശം നിര്‍ഭയത്വത്തിന്റെയും ധര്‍മ്മസംരക്ഷണത്തിന്റെയും ആത്മാവിനെ ഉണര്‍ത്തി.ഭാരതീയ പാരമ്പര്യത്തിലെ ഈ തിളങ്ങുന്ന നക്ഷത്രത്തിനുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി അദ്ദേഹം പകര്‍ന്ന പാഠങ്ങളെയും ആ ആത്മത്യാഗത്തെയും ജനങ്ങളിലേക്ക് പ്രചരിപ്പിക്കുക എന്നതാണ്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും ഉപദേശങ്ങളും ഓര്‍മ്മിച്ചുകൊണ്ട് ജീവിതം കെട്ടിപ്പടുക്കാനും ഈ വര്‍ഷം സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ഭക്തിപൂര്‍വ്വം പങ്കെടുക്കാനും മുഴുവന്‍ സമൂഹത്തോടും രാഷ്ട്രീയ സ്വയംസേവക സംഘം അഭ്യര്‍ത്ഥിക്കുന്നു.
 
			















Discussion about this post