രാഷ്ട്രഗീതമായ വന്ദേമാതരത്തിന് 150 വയസ്
മാതൃഭൂമിയെ ആരാധിക്കുകയും സമ്പൂര്‍ണ രാഷ്ട്രജീവിതത്തിലും ഊര്‍ജം പ്രസരിപ്പിക്കുകയും ചെയ്ത അത്ഭുതമന്ത്രമായ ‘വന്ദേമാതരം’ രചിച്ചതിന് 150 വര്‍ഷം പൂര്‍ത്തിയാകുന്ന ശുഭകരമായ അവസരത്തില്‍, രചയിതാവായ ആദരണീയ ബങ്കിം ചന്ദ്ര ചതോപാധ്യായയെ രാഷ്ട്രീയ സ്വയംസേവക സംഘം നന്ദിയോടെ സ്മരിക്കുകയും ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. 1875 ല്‍ രചിച്ച ഈ ഗീതം, 1896 ലെ കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തില്‍ രാഷ്ട്രകവി രവീന്ദ്രനാഥ ടാഗോര്‍ സ്വന്തം സ്വരത്തില്‍ ആലപിച്ച് ശ്രോതാക്കളെ മന്ത്രമുഗ്ധരാക്കി. അതുമുതല്‍ ഈ ഗീതം ദേശഭക്തിയുടെ മന്ത്രം മാത്രമല്ല, ദേശീയ പ്രഖ്യാപനത്തിന്റെയും ദേശീയ ബോധത്തിന്റെയും രാഷ്ര്ടാത്മാവിന്റെയും ശബ്ദമായി മാറി.
അതിനുശേഷം, ബംഗാള്‍ വിഭജന വിരുദ്ധ പ്രസ്ഥാനം ഉള്‍പ്പെടെ, ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ എല്ലാ പോരാളികളുടെയും മുദ്രാവാക്യമായി ‘വന്ദേമാതരം’ മാറി. മഹര്‍ഷി ശ്രീഅരബിന്ദോ, മാഡം ഭികാജി കാമ, മഹാകവി സുബ്രഹ്മണ്യം ഭാരതി, ലാല ഹര്‍ദയാല്‍, ലാല ലജ്പത് റായ് തുടങ്ങിയ നിരവധി പണ്ഡിതരും മഹത്തുക്കളും അവരുടെ പത്രങ്ങളുടെയും മാസികകളുടെയും പേരുകളില്‍ ‘വന്ദേമാതരം’ ചേര്‍ത്തതില്‍ നിന്ന് ഈ മഹാ മന്ത്രത്തിന്റെ വ്യാപനം മനസ്സിലാക്കാം. വര്‍ഷങ്ങളോളം, മഹാത്മാഗാന്ധി തന്റെ കത്തുകള്‍ അവസാനിപ്പിച്ചിരുന്നത് ‘വന്ദേമാതരം’ എന്ന ഉദ്‌ഘോഷത്തോടെയായിരുന്നു.വന്ദേമാതരം രാഷ്ട്രാത്മാവിന്റെ ഗാനമാണ്, അതെല്ലാവരെയും പ്രചോദിപ്പിച്ചു. വന്ദേമാതരത്തിന് അതിന്റെ ദിവ്യപ്രഭാവം കാരണം 150 വര്‍ഷത്തിന് ശേഷവും സമ്പൂര്‍ണസമാജത്തിലും രാഷ്ട്രഭക്തി വളര്‍ത്താനുള്ള കരുത്തുണ്ട്. പ്രദേശം, ഭാഷ, ജാതി തുടങ്ങിയ ഇടുങ്ങിയ ചിന്താഗതികളുടെ അടിസ്ഥാനത്തില്‍ വിഭജന പ്രവണത വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍, വന്ദേമാതരം സമൂഹത്തെ ഏകാത്മകതയില്‍ കോര്‍ത്തിണക്കാന്‍ കഴിയുന്ന നൂലാണ്.
ഭാരതത്തിലെ എല്ലാ പ്രദേശങ്ങളിലും സമൂഹങ്ങളിലും ഭാഷകളിലും ഇതിന് സ്വാഭാവികമായി സ്വീകാര്യതയുണ്ട്. ഇന്നും, സമൂഹത്തിന്റെ ദേശീയ അവബോധത്തിന്റെയും സാംസ്‌കാരികത്തനിമയുടെയും ഐക്യബോധത്തിന്റെയും ശക്തമായ അടിത്തറയാണിത്. രാഷ്ട്രചേതനയുടെ പുനര്‍ജാഗരണത്തിന്റെയും രാഷ്ട്രനിര്‍മ്മാണത്തിന്റെയും ഈ പുണ്യകാലത്ത്, മഹത്തായ ഈ മന്ത്രത്തിന്റെ സത്ത മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
എല്ലാ ഹൃദയങ്ങളിലും പ്രചോദനം ഉണര്‍ത്താനും ‘സ്വ’ ആധാരിതമായി രാഷ്ട്രനിര്‍മ്മാണത്തില്‍ സജീവമാകാനും വന്ദേമാതരം രചനയുടെ 150 വര്‍ഷം പൂര്‍ത്തിയാക്കുന്ന ശുഭകരമായ അവസരത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ആവേശത്തോടെ പങ്കുചേരണമെന്ന് മുഴുവന്‍ സമൂഹത്തോടും രാഷ്ട്രീയ സ്വയംസേവക സംഘം അഭ്യര്‍ത്ഥിക്കുന്നു.














Discussion about this post