ഇടുക്കി: ദുരന്തമുഖങ്ങളില്‍ മാതൃകാപരമായ ഇടപെടലുകളിലൂടെ അനിതരസാധാരണമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് വിലക്ക് കല്‍പിച്ച് ഇടത് മന്ത്രിമാരും ഭരണകൂടവും. ദുരന്തം വീക്ഷിക്കാനായി ഇടത് മന്ത്രിമാര്‍ എത്തുന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന സേവാഭാരതി പ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞും സേവനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ടുമാണ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പെട്ടിമുടിയിലെ ദുരന്തമേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോയ 75ഓളം സേവാഭാരതി പ്രവര്‍ത്തകരെ മൂന്നാര്‍ പെരിയവര പാലത്തിന് സമീപം വച്ച് പോലീസ് തടഞ്ഞു. രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങുമ്പോള്‍ ഇതിനായി പോകുന്ന പ്രവര്‍ത്തകരെ തടയരുതെന്നും കടത്തിവിടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. അഗ്‌നി രക്ഷാസേനയും ദുരന്തനിവാരണ സേനയും സേവാഭാരതിയും മാത്രമാണ് രക്ഷാദൗത്യത്തില്‍ പെട്ടിമുടിയിലുള്ളത്. പ്രതികൂല കാലവസ്ഥയെ അവഗണിച്ചാണ് സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം കര്‍മനിരതരായി സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതില്‍ സഹായവുമായി മുന്നില്‍ നിന്നു.
ദുരന്ത ദിവസം ഉച്ചയോടെ തന്നെ 20 പേര്‍ അടങ്ങുന്ന ആദ്യ സംഘം പെട്ടി മുടിയിലെത്തിയിരുന്നു. സേവാഭാരതിയുടെ സഹായത്തോടെയായിരുന്നു ആദ്യ ദിവസത്തെ രക്ഷാപ്രവര്‍ത്തനവും നടന്നത്. സേവാഭാരതി സംഘടന സെക്രട്ടറി ടി.ആര്‍. രഞ്ജിത്, സെക്രട്ടറി ടി.കെ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേവാഭാരതിയുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ ദുരന്തം പുറംലോകം അറിഞ്ഞത് വെള്ളിയാഴ്ച രാവിലെയാണ്. ദുരന്തത്തിന്റെ ആഴം മനസിലായപ്പോള്‍ തന്നെ വെള്ളിയാഴ്ച ഉച്ചയോടെ തന്നെ 20 പേര്‍ അടങ്ങിയ സേവാഭാരതി സംഘം ദുരന്ത സ്ഥലത്തെത്തി. ചെളിയും പാറ കഷണങ്ങളും കെട്ടിട അവശിഷ്ടങ്ങളും നിറഞ്ഞ മണ്ണിലെ രക്ഷാപ്രവര്‍ത്തനം ഏറെ ദൃഷ്‌കരമായിരുന്നു. മണ്‍കൂനക്കടിയില്‍ ജീവന്റെ തുടിപ്പ് തിരയുവാന്‍ പ്രവര്‍ത്തകര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഓരോ സ്ഥലത്ത് പരിശോധന നടത്തുമ്പോഴും ബന്ധുക്കളുടെ ചേതനയറ്റ ശരീരമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്ത് നില്‍ക്കുന്ന നിരവധി ആളുകളെയാണ് തങ്ങള്‍ക്ക് കാണാനായത്. ഇന്നലെ നൂറോളം പ്രവര്‍ത്തകരാണ് സേവന രംഗത്ത് ഉണ്ടായിരുന്നത്. വളരെയധികം ബുദ്ധിമുട്ടിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ ദിവസം ഒരു ജനപ്രതിനിധി ഇനിയാരും ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞെങ്കിലും തങ്ങള്‍ ജീവന്റെ ഒരംശം ഒരാളിലെങ്കിലും ഉണ്ടെങ്കില്‍ അവരെ രക്ഷിക്കാനാണ് പ്രയത്‌നിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് സേവാഭാരതിക്കെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിജയരാഘവന്‍ ആരോപിച്ചത്. എന്നാല്‍ ദുരന്തബാധിതരെ രക്ഷിക്കുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന ബോധത്തോടെ സേവാഭാരതി പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് സേവനനിരതരായിരിക്കുകയാണ്.
Discussion about this post