കൂട്ടിക്കല്‍: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച കൂട്ടിക്കലിലും മലയോര പ്രദേശങ്ങളിലും കരുതലിന്റെ ആശ്വാസമേകി സേവാഭാരതി. ആയിരത്തോളം സേവാഭാരതി പ്രവര്‍ത്തകരാണ് ദുരന്തഭൂമിയില്‍ കൈമെയ് മറന്ന് ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത്. മലവെള്ള പാച്ചിലില്‍ ചെളിക്കൂമ്പാരമായ അഞ്ഞൂറിലധികെ വീടുകള്‍ വൃത്തിയാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ഓരോ സംഘമായി തിരിഞ്ഞായിരുന്നു പ്രവര്‍ത്തനം.
കൂട്ടിക്കലിന് പുറമെ ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം നേരിട്ട എളങ്കാട്, ഏന്തയാറ്, മുണ്ടക്കയം, പുത്തന്‍ചന്ത എന്നിവിടങ്ങളിലും സേവാഭാരതി പ്രവര്‍ത്തകര്‍ പ്രവര്‍ത്തനത്തിനിറങ്ങി.
ദുരന്തം കൂടുതല്‍ അനുഭവപ്പെട്ട പ്രദേശങ്ങള്‍ ആറ് പോയിന്റുകളായി തിരിച്ചായിരുന്നു പ്രവര്‍ത്തനം. ഓരോ പോയിന്റുകളിലേക്കും ഇരുപത്തഞ്ചിലധികം സംഘങ്ങളെത്തി. ഓരോ സംഘത്തിലും അഞ്ചുപേര്‍ പേര്‍ വീതം. വീടുകള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെ വിവിധ പൊതു സ്ഥാപനങ്ങളും ശുചീകരിച്ചു. രാവിലെ ഒമ്പതിന് തുടങ്ങിയ ശുചീകരണയജ്ഞം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. പ്രാദേശികമായി കഴിഞ്ഞ ദിവസങ്ങളില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ ശുചീകരണം നടത്തിയിരുന്നു.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, പ്രാന്തീയ സേവാപ്രമുഖ് എം.സി. വത്സന്‍, പ്രാന്ത പ്രൗഢപ്രമുഖ്. കെ. ഗോവിന്ദന്‍ കുട്ടി, വിഭാഗ് സംഘചാലക് പി.പി. ഗോപി, പൊന്‍കുന്നം സംഘജില്ലാ സംഘചാലക് കെ.എന്‍.ആര്‍. നമ്പൂതിരി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്കി.
Discussion about this post