സില്‍ഹെറ്റ് (ബംഗ്ലാദേശ്): ആദ്യം രേണുക സിങ്, പിന്നെ സ്മൃതി മന്ഥാന… ഇന്ത്യന്‍ കൊടുങ്കാറ്റില്‍ അസ്തമിച്ചത് ശ്രീലങ്കയുടെ ആദ്യകിരീടമെന്ന മോഹം. ഏഴാം വട്ടവും ചാമ്പ്യരാകാന്‍ ഉറച്ചിറങ്ങിയ ഇന്ത്യക്കൊന്ന് നോക്കാനില്ലായിരുന്നു ശ്രീലങ്കന്‍ ഇന്നിങ്സ്. ഇരുപതോവറില്‍ പതിനൊന്നുപേരും കൂടിച്ചേര്‍ന്ന് അടിച്ചുകൂട്ടിയത് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വെറും അറുപത്തഞ്ച് റണ്‍സ്. സ്മൃതി മന്ഥാന ഏതാണ്ട് ഒറ്റയ്ക്ക് ആ ലക്ഷ്യം മറികടന്നു. 25 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സുമടക്കം 51 റണ്‍സ്. 8.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ്. ഓഷധി രണസിംഗെയെ കൂറ്റന്‍ സിക്സിന് പറത്തി സ്മൃതി ഇന്ത്യന്‍ വിജയവും അര്‍ധസെഞ്ചുറിയും കുറിച്ചു. ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗര്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.
സില്‍ഹെറ്റില്‍ അക്ഷരാര്‍ത്ഥത്തില്‍ ചാരമാവുകയായിരുന്നു ശ്രീലങ്ക. കിരീടം കൊതിച്ചിറിങ്ങിയ ലങ്കന്‍ താരങ്ങളുടെ സ്കോറിങ്ങനെ: 6, 2, 1, 6, 0, 1, 13, 0, 6, 18, 6.
25 പന്തില്‍
രേണുക സിങ് ഠാക്കൂറും രാജേശ്വരി ഗെയ്ക്ക് വാദും സ്നേഹ്റാണെയും ചേര്‍ന്ന് ലങ്കന്‍ ബാറ്റര്‍മാരെ ചുരുട്ടിക്കെട്ടി. വെറും അഞ്ച് റണ്‍സ് വഴങ്ങിയാണ് രേണുക മൂന്ന് വിക്കറ്റ് പിഴുതത്. രാജേശ്വരിയും സ്നേഹയും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
ടോസ് തുണച്ചിട്ടും ലങ്കയ്ക്ക് എല്ലാം പിഴച്ചു. ടോസ് നേടിയ ക്യാപ്റ്റന്‍ ചമരി അത്തപ്പത്തു ഇന്ത്യയെ ഫീല്‍ഡിലേക്ക് അയച്ചപ്പോള്‍ ഈ കൊടുങ്കാറ്റ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അന്‍പത് റണ്‍ പോലും തികയ്ക്കില്ലെന്ന് കരുതിയ ലങ്കന്‍ ഇന്നിങ്സിനെ അതിന് തുണച്ചത് അവസാന വിക്കറ്റില്‍ ബാറ്റ് ചെയ്യാനിറങ്ങി 22 പന്തില്‍ 18 റണ്‍സ് നേടി പുറത്താകാതെ നിന്ന ഇനോക രണവീരയാണ്. ഇനോകയെ കൂടാതെ രണ്ടക്കം കടന്ന ഏക ബാറ്റര്‍ 13 റണ്‍സ് കുറിച്ച ഓഷധി രണസിംഗയും.
ക്യാപ്റ്റന്റെ റണ്‍ ഔട്ടിലായിരുന്നു ലങ്കന്‍ വിക്കറ്റ് വീഴ്ചയുടെ തുടക്കം. മൂന്നാം ഓവറില്‍ സ്വന്തം പിഴവില്‍ ചമരി അത്തപ്പത്തു പുറത്താവുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സായിരുന്നു ലങ്കയുടെ സമ്പാദ്യം. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അടുത്ത മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഹര്‍ഷിത മാധവിയെ വിക്കറ്റിനുപിന്നില്‍ റിച്ച ഘോഷിന്റെ കരങ്ങളിലെത്തിച്ച് രേണുക സിങ്ങിന് ആദ്യ വിക്കറ്റ്. അനുഷ്ക സഞ്ജീവനിയും ഹസിനി പെരേരയും പിന്നാലെ മടങ്ങി. നാല് ഓവര്‍ പിന്നിടുമ്പോള്‍ ലങ്കയുടെ സ്കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സ് മാത്രമായിരുന്നു.
ഏഷ്യാകപ്പില്‍ ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റം വരുത്തി. രാധ യാദവിന് പകരം ദയാലന്‍ ഹേമലത ടീമിലിടം പിടിച്ചു.
Discussion about this post